'റഷ്യ-യുക്രൈൻ യുദ്ധം രണ്ട് മണിക്കൂർ മോദി നിർത്തിവെപ്പിച്ചു, മറ്റാർക്കും സാധിച്ചിട്ടില്ല': നിയമസഭയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി
ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിക്കും യുദ്ധം തടയാൻ കഴിഞ്ഞിട്ടില്ലെന്നും ഏക്നാഥ് ഷിന്‍ഡെ
മുംബൈ: ഇന്ത്യൻ വിദ്യാർഥികളെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം രണ്ട് മണിക്കൂർ നേരത്തേക്ക് നിര്‍ത്തിവെപ്പിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. നിയമസഭയിലായിരുന്നു മഹാരാഷ്ട് മുഖ്യമന്ത്രിയുടെ അവകാശവാദം.
''ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിക്കും യുദ്ധം തടയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യൻ വിദ്യാർഥികളുടെ രക്ഷയും സുരക്ഷയും ഉറപ്പാക്കാൻ പ്രധാനമന്ത്രി മോദി, റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം രണ്ട് മണിക്കൂർ നേരത്തേക്ക് നിർത്തി''- ഷിന്‍ഡെ പറഞ്ഞു.
''യുക്രൈനെ റഷ്യ ആക്രമിച്ചപ്പോൾ നിരവധി ഇന്ത്യൻ വിദ്യാർഥികള്‍ അവിടെ കുടുങ്ങിയിരുന്നു. ആ സമയത്ത് ഇവിടെയുള്ള രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ചു. അതിനുശേഷം യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ രക്ഷിക്കാൻ മോദി രണ്ട് മണിക്കൂർ നേരത്തേക്ക് യുദ്ധം നിർത്തി, ശേഷം വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിച്ചു''- ഷിന്‍ഡെ വിശദീകരിച്ചു.
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഛത്രപതി ശിവാജി മഹാരാജിന്റെ 'വാഘ് നഖ്' എന്ന ആയുധം ലണ്ടനിൽ നിന്ന് തന്റെ സർക്കാർ കൊണ്ടുവരുമെന്നും ഷിൻഡെ കൂട്ടിച്ചേര്‍ത്തു. ദാരിദ്ര്യ നിർമാർജനത്തെക്കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. എന്നാൽ അവർ അക്കാര്യം ചെയ്‌തോ? 25 കോടി ജനങ്ങളെയാണ് മോദി സർക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്- ഷിൻഡെ കൂട്ടിച്ചേർത്തു.
ഈ വർഷമാണ് മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം ഉണ്ടാക്കാൻ മഹായുതി സഖ്യത്തിന്(എൻ.ഡി.എ) കഴിഞ്ഞിട്ടില്ല. 'ഇൻഡ്യ' സഖ്യമാണ് മഹാരാഷ്ട്രയിൽ നേട്ടമുണ്ടാക്കിയത്. ഭരണവിരുദ്ധ വികാരവും ഉദ്ധവ് താക്കറെ-ശരത് പവാർ എന്നിവരോടുള്ള സഹതാപവുമൊക്കെ 'ഇൻഡ്യ' സഖ്യത്തിന് ഗുണമായി എന്നാണ് വിലയിരുത്തൽ. കാരണം ഈ സഖ്യത്തെ പിളർത്തിയാണ് ബി.ജെ.പി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചത്.
Adjust Story Font
16