കള്ളപ്പണം വെളുപ്പിക്കൽ കേസ്; സോറന്റെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഇഡിക്ക് കോടതി നിർദേശം
സോറൻ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്ന് കപിൽ സിബൽ
റാഞ്ചി: മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) മറുപടി നൽകാൻ ജാർഖണ്ഡ് ഹൈക്കോടതി നിർദേശിച്ചു.
ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്ന സോറന്റെ വാദം കണക്കിലെടുത്താണ് കോടതി ഇഡിക്ക് നിർദേശം നൽകിയത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31നാണ് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
സോറൻ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്ന് ജസ്റ്റിസ് റോങ്കോൺ മുഖോപാധ്യായയുടെ ബെഞ്ചിന് മുമ്പാകെ സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
ബെർഗെയ്ൻ സർക്കിളിലെ 8.5 ഏക്കർ ഭൂമിയെക്കുറിച്ചുള്ള രേഖകളിലൊന്നും തന്റെ പേര് ഇല്ലെന്നും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (പിഎംഎൽഎ) ഒരു കുറ്റവും തനിക്കെതിരെ ഇല്ലെന്നും സോറൻ തന്റെ ഹരജിയിൽ വ്യക്തമാക്കി.
ജനുവരി 31 ന് അറസ്റ്റിലാകുന്നതിന് മുമ്പ് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇപ്പോൾ സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിലെ ഹോത്വാറിലെ ബിർസ മുണ്ട ജയിലിലാണ്.
വിഷയത്തിൽ ഇഡിയോട് പ്രതികരണം അറിയിക്കാൻ നിർദേശിച്ച കോടതി കേസിൽ ജൂൺ 10ന് അടുത്ത വാദം കേൾക്കുമെന്നും അറിയിച്ചു.
Adjust Story Font
16