30 വർഷത്തിന് ശേഷം ശ്രീനഗറിൽ മുഹറം ഘോഷയാത്രക്ക് അനുമതി
നിലവിലെ സമാധാന അന്തരീക്ഷത്തിന് ഷിയാ സമുദായം നൽകിയ പിന്തുണയാണ് ചരിത്രപരമായ തീരുമാനമെടുക്കാൻ കാരണമെന്ന് കശ്മീരിലെ ഡിവിഷണൽ കമ്മീഷണർ വിജയ് കുമാർ ബിധുരി പറഞ്ഞു.
ശ്രീനഗർ: 30 വർഷത്തിന് ശേഷം ശ്രീനഗറിൽ മുഹറം ഘോഷയാത്രക്ക് അനുമതി. ഗുരു ബസാർ മുതൽ ശ്രീനഗറിലെ ദാൽഗേറ്റ് വരെയുള്ള പരമ്പരാഗത പാതയിലാണ് ഘോഷയാത്രക്ക് അനുമതി നൽകിയത്. ഷിയ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഘോഷയാത്രക്ക് അനുമതി നൽകിയതെന്ന് ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചു.
നിലവിലെ സമാധാന അന്തരീക്ഷത്തിന് ഷിയാ സമുദായം നൽകിയ പിന്തുണയാണ് ചരിത്രപരമായ തീരുമാനമെടുക്കാൻ കാരണമെന്ന് കശ്മീരിലെ ഡിവിഷണൽ കമ്മീഷണർ വിജയ് കുമാർ ബിധുരി പറഞ്ഞു. എല്ലാ ഗ്രൂപ്പുകളിലെയും ഷിയ മുസ്‌ലിം സമുദായ പ്രതിനിധികളുമായും ഗുരുബസാറിലെ പ്രാദേശിക കമ്മിറ്റിയുമായും ഭരണകൂടം നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് തീരുമാനം അറിയിച്ചത്.
ഗുരുബസാറിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ഘോഷയാത്ര ഒഴികെയുള്ള മറ്റു ഘോഷയാത്രകൾ റൂട്ടിൽ വ്യക്തിഗതമായോ കൂട്ടായോ നടത്താൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച പ്രവൃത്തിദിനം കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് രാവിലെ ആറു മുതൽ എട്ട് വരെയാണ് ഘോഷയാത്രക്ക് അനുവദിച്ചിട്ടുള്ള സമയം.
Adjust Story Font
16