ബിഎംഡബ്ല്യു ഇടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം: ശിവസേനനേതാവിന്റെ മകൻ അറസ്റ്റിൽ
അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്
ന്യൂഡൽഹി: മുംബൈയിൽ ബി.എം.ഡബ്ല്യു കാർ സ്‌കൂട്ടറിലിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാറോടിച്ചിരുന്ന ശിവസേനാ നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർഷാ (24) ആണ് അറസ്റ്റിലായത്. അപകടംനടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് കേസിലെ പ്രധാനപ്രതിയായ മിഹിർ ഷാ അറസ്റ്റിലാകുന്നത്. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ മിഹിർഷായെ പിടികൂടാൻ ആറ് പൊലീസ് സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്.
45 കാരിയായ കാവേരി നഖ്വയാണ് കഴിഞ്ഞദിവസം നടന്ന അപകടത്തിൽ മരിച്ചത്. മത്സ്യവ്യാപാരം നടത്തുന്ന ഇവർ ഭർത്താവ് പ്രദീപിനൊപ്പം ക്രോഫോർഡ് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി സ്‌കൂട്ടറിൽ മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. മദ്യലഹരിയിലായിരുന്ന മിഹിർ ഷാ അമിത വേഗതയിലായിരുന്നു കാറോടിച്ചിരുന്നത്. സ്‌കൂട്ടറിലുണ്ടായിരുന്ന കാവേരിയെയും ഭർത്താവിനെയും കാർ ഇടിച്ചു തെറിപ്പിച്ചു. കാവേരിയെ കിലോമീറ്ററോളം കാർ വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു. സ്‌കൂട്ടറിലിടിച്ച് വീണ കാവേരിക്ക് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ലെന്നാണ് ഭർത്താവ് ആരോപിക്കുന്നത്.എന്നാൽ മിഹിർ ഷാ കാർ വീണ്ടുമോടിക്കുകയും കാവേരിയെ കിലോമീറ്ററോളം വലിച്ചിഴക്കുകയും ചെയ്‌തെന്നാണ് പരാതി. അപകടത്തിന് പിന്നാലെ കാർ ഉടമയായ ശിവസേന ഷിൻഡെ വിഭാഗം പ്രാദേശിക നേതാവ് രാജേഷ് ഷായെയും ഡ്രൈവര് രാജേന്ദ്ര സിങ് ബിജാവത്തിനെയും പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
സംഭവം ദൗർഭാഗ്യകരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും സേനാ നേതാവുമായ ഏകനാഥ് ഷിൻഡെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.'നിയമം അതിന്റേതായ വഴിക്ക് പോകും,നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്, പൊലീസുമായി സംസാരിച്ചു, കർശന നടപടി സ്വീകരിക്കും,' അദ്ദേഹം പറഞ്ഞു.
പൂനയിൽ 24 കാരായ സോഫ്റ്റ് വെയർ എൻജിനീയർമാരുടെ ജീവനെടുത്ത പോർഷെ അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് മുംബൈയിലും സമാനമായ രീതിയിൽ അപകടം നടന്നത്. 17 കാരൻ ഓടിച്ച കാറിടിച്ചാണ് പൂനൈയിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായത്. പ്രതി മദ്യപിച്ചിരുന്നതായും തെളിഞ്ഞിരുന്നു. അപകടത്തെ തുടർന്ന് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പ്രതിയുടെ പിതാവ് , അമ്മ, മുത്തച്ഛൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16