ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു
സിക്‌സർ പറത്തിയ ഉടൻ തന്നെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു.
മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുംബൈയിലാണ് സംഭവം. 42കാരനായ രാം ഗണേഷ് തിവാർ ആണ് മരിച്ചത്.
മുംബൈ കശ്മീറയിലെ ടർഫിൽ ഒരു കമ്പനിയാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. സിക്‌സർ പറത്തിയ ഉടൻ തന്നെ രാം ഗണേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
നേരത്തെയും സമാനരീതിയിൽ യുവാക്കൾ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ (35) ആണ് മരിച്ചത്. വൈക്കം ബീച്ചിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഷമീർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജനുവരിയിൽ ഉത്തർ പ്രദേശിലെ നോയ്ഡയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവ എഞ്ചിനീയർ മരിച്ചിരുന്നു. നോയ്ഡയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവമുണ്ടായത്.
ബാറ്റ് ചെയ്യുന്നതിനിടെ റൺസ് നേടാനായി ഓടുന്നതിനിടെയാണ് പാതിവഴിയിൽ യുവ എഞ്ചിനീയർ വികാസ് നേഗി പിച്ചിൽ വീണത്. തുടർന്ന് സഹകളിക്കാർ ഓടിയെത്തുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.
ജിമ്മിലെ ട്രെഡ്മില്ലിൽ വ്യായാം ചെയ്യുന്നതിനിടെ 21കാരനും മുമ്പ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സരസ്വതി വിഹാറിലെ ജിമ്മിലായിരുന്നു സംഭവം. നോയ്ഡയിലെ എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥി സിദ്ധാർഥ് സിങ് ആണ് മരിച്ചത്. വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.
ഏപ്രിലിൽ, ഉത്തർപ്രദേശിൽ വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ 18കാരി കുഴഞ്ഞുവീണ് മരിച്ചിരുന്നു. മീററ്റ് സ്വദേശിനി റിംഷയാണ് മരിച്ചത്. അമ്മയുടെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി. ശനിയാഴ്ച വധുവിൻ്റെ വീട്ടിൽ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം. ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം.
സമീപകാലത്തായി രാജ്യത്ത് യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നേരത്തെ പ്രായമായവരിലാണ് ഹൃദയാഘാതനിരക്ക് കൂടുതലായി കണ്ടുവന്നിരുന്നതെങ്കിൽ സമീപകാലത്തായി 30 മുതൽ 40 വയസ് വരെയുള്ളവരിൽ വ്യാപകമായിട്ടുണ്ട്. ലോകത്തിൽതന്നെ ഹൃദയാഘാതം മൂലം മരണമടയുന്നവരിൽ മുന്നിലാണ് ഇന്ത്യ.
Adjust Story Font
16