Quantcast

മുംബൈയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ മൂന്ന് മാസത്തിന് ശേഷം ബംഗാളിൽ കണ്ടെത്തി

കുട്ടിയെ സ്വന്തമാക്കിയാൽ തനിക്കും കൂടുതൽ സാമ്പത്തിക നേട്ടം വരുമെന്നും പ്രതി കരുതിയെന്ന് പൊലീസ്

MediaOne Logo

Web Desk

  • Published:

    12 Jan 2023 8:00 AM GMT

kidnapping case,kidnapping news Mumbai,Mumbai police
X

മുംബൈ: തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ മൂന്ന് മാസത്തിന് ശേഷം കണ്ടെത്തി. മുംബൈയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ആസിഫ് അലി ഷെയ്ഖ് എന്നയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപമുള്ള സ്‌കൈവാക്കിൽ നിന്നാണ് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ വർഷം ഒക്ടോബർ 19 നാണ് ചോക്ലേറ്റ് നൽകാനെന്ന വ്യാജേന മാതാപിതാക്കളുടെ അടുത്ത് നിന്നാണ് കുട്ടിയെ കടത്തിയതെന്നാണ് പരാതി. പ്രതിയും കുട്ടിയുടെ മാതാപിതാക്കളും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. ഇരുവരും പരിചയക്കാരായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ കൂടുതൽ പണം സമ്പാദിക്കാൻ തുടങ്ങിയെന്നും അതിന് കാരണം കുഞ്ഞാണെന്നും ഇയാൾ കരുതി. കുട്ടിയെ സ്വന്തമാക്കിയാൽ തനിക്കും കൂടുതൽ സാമ്പത്തിക നേട്ടം വരുമെന്നും പ്രതി കരുതിയെന്നും പൊലീസ് പറയുന്നു.

ചോക്ലേറ്റ് കൊടുത്തശേഷം തിരിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞാണ് പ്രതി അമ്മയുടെ അടുത്ത് നിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരും തിരിച്ചുവന്നില്ല. തുടർന്നാണ് കുട്ടിയുടെ അമ്മ ബാന്ദ്ര പൊലീസിൽ പരാതി നൽകിയത്. അന്നുമുതൽ പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു അന്വേഷണം നടന്നത്.

ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഹരിദ്വാർ, പട്ന, മാൾഡ, ഹൗറ എന്നിവിടങ്ങളിലും അന്വേഷണം നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് ബംഗാളിലും അന്വേഷണത്തിന്റെ ഭാഗമായി എത്തി. അവിടെ നിന്ന് പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചു. തുടർന്ന് സിലിഗുരിയിലെ വീട്ടിൽ ഇയാളെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു. കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു.

TAGS :

Next Story