ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകം; പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്
ബെന്നി ബഹനാൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി
ഡൽഹി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ പൊലീസ് കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ആവശ്യം. ബെന്നി ബഹനാൻ എംപിയാണ് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്.
ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പോക്സോ കോടതിയിലേക്ക് മാറ്റിയത്.
പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്കും തെളിവെടുപ്പിലേക്കും അന്വേഷണ സംഘം കടക്കും. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
Adjust Story Font
16