Quantcast

ഇനി പഴയ പുരോലയില്ല; 'ലവ് ജിഹാദ്' കേസ് തള്ളിയതിനു പിന്നാലെ വീടുകളിലേക്കു മടങ്ങി മുസ്‌ലിം കുടുംബങ്ങള്‍

സ്വന്തം സുഹൃത്തുക്കളായിരുന്നു അന്ന് മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണങ്ങളുമായി പ്രകടനം നയിച്ചതെന്നും അതിന്റെ ഞെട്ടില്‍ ഒരുകാലത്തും മാറാന്‍ പോകുന്നില്ലെന്നും സാഹില്‍ ഖാന്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    23 July 2024 3:40 AM GMT

Muslim families who fled violence in Purola return after Love Jihad allegations fell flat in court, Purola abduction case, Purola Love Jihad case
X

ഡെറാഡൂണ്‍: പുരോലയെ അധികപേരും മറന്നുകാണില്ല. ഒരു വര്‍ഷംമുന്‍പ് ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്താ തലക്കെട്ടായിരുന്നു ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ഈ ചെറുപട്ടണം. 'ലവ് ജിഹാദ്' ആരോപിച്ച് ഹിന്ദുത്വ സംഘങ്ങള്‍ മുസ്‌ലിം കുടുംബങ്ങളെ ഒന്നാകെ ഭീഷണിപ്പെടുത്തി പുരോലയില്‍നിന്ന് ആട്ടിപ്പായിക്കുകയായിരുന്നു 2023 ജൂണ്‍, ജൂലൈ മാസങ്ങളില്‍. ഒരു വര്‍ഷം കഴിഞ്ഞ് ആ ആരോപണം വ്യാജമായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉത്തരകാശി ജില്ലാ സെഷന്‍സ് കോടതി. ഇതിനു പിന്നാലെ മുസ്‌ലിം കുടുംബങ്ങളും സ്വന്തം വീടുകളിലേക്കു മടങ്ങാനൊരുങ്ങുകയാണെന്ന വാര്‍ത്തയാണിപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിന്ദുത്വ സംഘങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് രായ്ക്കുരാമാനം കിട്ടിയ സാധനങ്ങള്‍ കെട്ടിപ്പെറുക്കി വീടുവിട്ടിറങ്ങിയവരാണവര്‍. കോടതിവിധിയുടെ പിന്‍ബലത്തില്‍ സ്വന്തമെന്നു പറയാവുന്ന ഇടങ്ങളിലേക്കാണു മടങ്ങുന്നതെന്ന ആശ്വാസം എല്ലാവര്‍ക്കുമുണ്ടെങ്കിലും അകം ശാന്തമല്ല. അകത്ത് ഇപ്പോഴും എന്തൊക്കെയോ ബാക്കികിടപ്പുണ്ട്; ഭീതിയായും ആശങ്കയായും. സന്തോഷത്തോടെ ജീവിച്ച പഴയ പുരോലയിലേക്കല്ല തങ്ങള്‍ മടങ്ങുന്നതെന്ന സത്യം അവര്‍ ഉള്‍ക്കൊണ്ടുകഴിഞ്ഞിട്ടുണ്ട്. സ്വന്തം അയല്‍ക്കാര്‍ക്കിടയില്‍ പോലും സംശയത്തിന്റെയും പകയുടെയും കനല്‍ എരിഞ്ഞുകത്തുന്നുണ്ടെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്.

ഇനിയൊരു മടക്കമുണ്ടാകില്ലെന്ന ഭീതിയില്‍ അന്നു കിടപ്പാടം വിറ്റ് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പുരോലയില്‍ ടെക്‌സ്റ്റൈല്‍ സ്ഥാപനം നടത്തുന്ന സോനു ഖാന്‍ 'ദ ഹിന്ദു'വിനോട് പറഞ്ഞത്. കുറേകാലം ഒരു ബന്ധുവിന്റെ വീട്ടിലാണു കഴിഞ്ഞത്. പിന്നീട് ഒരു ഹിന്ദു സുഹൃത്ത് തന്നെ അവന്റെ വീട്ടില്‍ അഭയം നല്‍കി. ഇപ്പോള്‍ തന്റെ കടയിലേക്ക് ഇപ്പോള്‍ ഹിന്ദുക്കള്‍ വരുന്നത് അപൂര്‍വമാണെന്നും സോനു വെളിപ്പെടുത്തുന്നുണ്ട്.

സ്വന്തം സുഹൃത്തുക്കളായിരുന്നു അന്ന് തങ്ങള്‍ക്കെതിരെ പ്രകടനം നയിച്ചതെന്ന് സോനുവിന്റെ സഹോദരന്‍ സാഹില്‍ ഖാന്‍ പറയുന്നു. അതിന്റെ ഞെട്ടലും നിരാശയും ഒരുകാലത്തും തന്നെ വിട്ടുപോകില്ല. ഇനി പുരോലയിലേക്കു മടങ്ങിയെത്താനാകുമെന്ന് എനിക്കു തോന്നുന്നില്ലെന്നും യുവാവ് പറയുന്നു. പട്ടണത്തില്‍നിന്ന് 110 കി.മീറ്റര്‍ ദൂരത്തുള്ള ഒരു വീട്ടിലാണ് അന്ന് സാഹില്‍ അഭയം തേടിയത്.

പുരോലയെ 'കത്തിച്ച' വ്യാജ വാര്‍ത്ത

2023 മേയിലായിരുന്നു പുരോലയെ വര്‍ഗീയ സംഘര്‍ഷത്തിലേക്കു നയിച്ച സംഭവവികാസങ്ങളുടെ തുടക്കം. പട്ടണത്തില്‍ ഒരു ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തുകയായിരുന്ന ഉവൈദ് ഖാനും തൊട്ടടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്ക് ആയിരുന്ന സുഹൃത്ത് ജിതേന്ദ്ര സൈനിയും ചേര്‍ന്ന് 14 വയസുള്ള ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തയാണു കാട്ടുതീ പോലെ പടര്‍ന്നത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നു പ്രചാരണമുണ്ടായി. 'ലവ് ജിഹാദ്' ഗൂഢാലോചനയുടെ ഭാഗമായി മതംമാറ്റി വിവാഹം കഴിക്കാന്‍ ശ്രമം നടക്കുന്നുവെന്നു പ്രചരിപ്പിച്ച് ഹിന്ദുത്വ സംഘങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത കത്തിച്ചു. പിന്നാലെ ഇരുവരും അറസ്റ്റിലാകുകയും ചെയ്തു.

ഇതോടെ മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങള്‍ ആരംഭിച്ചു. എത്രയും പെട്ടെന്ന് വീടുകള്‍ ഒഴിഞ്ഞുപോകമെന്ന് പട്ടണത്തിലെ മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഹിന്ദുത്വ സംഘങ്ങള്‍ അന്ത്യശാസനം നല്‍കി. മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടിസുകള്‍ പതിച്ചു. 'ലവ് ജിഹാദ്' അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കൂടി മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എരിവ് പകര്‍ന്നു. കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനങ്ങളുമായി ഹിന്ദുത്വ സംഘങ്ങള്‍ തെരുവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആര്‍.എസ്.എസ്, വി.എച്ച്.പി, ദേവഭൂമി രക്ഷാ അഭിയാന്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ, സംഘ്പരിവാര്‍ സംഘടനകളെല്ലാം പ്രതിഷേധം കടുപ്പിച്ചു.

ഇതോടെ മുസ്‌ലിം കുടുംബങ്ങളൊന്നാകെ കൂട്ടത്തോടെ പുരോല വിട്ടു മറ്റു പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയായിരുന്നു. 41 കുടുംബങ്ങളാണ് വീടുകള്‍ ഒഴിഞ്ഞുപോയത്. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കച്ചവടസ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടുകയും ചെയ്തു. ഇതില്‍ 30ഓളം കുടുംബങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞു വീടുകളിലേക്കു തിരിച്ചെത്തിയെങ്കി. ബാക്കിയുള്ളവര്‍ പിന്നീട് തിരിച്ചെത്തിയതേയില്ല.

കോടതി കണ്ടതും കണ്ടെത്തിയതും

കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് കുറ്റാരോപിതരായ ഉവൈദ് ഖാനെയും ജിതേന്ദ്ര സൈനിയെയും കഴിഞ്ഞ മേയ് 10ന് ഉത്തരകാശി ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടു. 2023 ആഗസ്റ്റിനും 2024 മേയ് മാസത്തിനും ഇടയില്‍ 19 തവണ വാദങ്ങള്‍ നടന്ന ശേഷം, ലവ് ജിഹാദ് ആരോപണങ്ങള്‍ കള്ളമാണെന്നു വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍ കോടതി.

കേസില്‍ 14കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു സംഭവം കള്ളക്കേസാണെന്നു കോടതി തീര്‍പ്പ് കല്‍പിച്ചിരിക്കുന്നത്. കുട്ടിയെ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയാണു യുവാക്കള്‍ക്കെതിരെ മൊഴി നല്‍കിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. തന്നെ തട്ടിക്കൊണ്ടുപോയതാണെന്നു മൊഴിനല്‍കാന്‍ നിര്‍ബന്ധിച്ചെന്നും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. കേസിലെ ഏക സാക്ഷിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആശിഷ് ചുനാറിന്റെ മൊഴികളിലും കോടതി വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

Summary: Muslim families who fled violence in Purola return after 'Love Jihad' allegations fell flat in court

TAGS :

Next Story