Quantcast

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു

യാത്ര തുടരുകയാണെങ്കിൽ തടങ്കലിലിടുമെന്ന് ഭീഷണി

MediaOne Logo

Web Desk

  • Updated:

    2024-11-27 10:26:41.0

Published:

27 Nov 2024 9:33 AM GMT

muslim league mp
X

ന്യൂഡൽഹി: സംഘർഷമുണ്ടായ ഉത്തർ പ്രദേശിലെ സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഉത്തർ പ്രദേശ് അതിർത്തിയിലാണ് ഇവരെ തടഞ്ഞത്. ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ, കെ. നവാസ് കനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ഉത്തർ പ്രദേശിലേക്ക് പോകും മുമ്പ് ഇ.ടി മുഹമ്മദ് ബഷീർ ഫേസ്ബുക്കിൽ യാത്രാവിവരം പോസ്റ്റ് ചെയ്തിരുന്നു. ‘മുസ്‌ലിം ലീഗിന്റെ അഞ്ച് എംപിമാർ അടങ്ങുന്ന സംഘം ഡൽഹിയിൽനിന്നും ഉത്തർപ്രദേശിലെ സംഭലിലേക്ക് പുറപ്പെടുകയാണ് . ഷാഹി മസ്ജിദ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയിൽ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരിൽ കാണാനാണ് യാത്ര.

യോഗി പൊലീസ് ആ പ്രദേശത്തേക്ക് ജനപ്രതിനിധികൾ അടക്കമുള്ള ആരെയും കടത്തിവിടാതെ അവരുടെ ക്രൂരതകൾ മറച്ചുവെക്കാനുള്ള ശ്രമിത്തിലാണ്. അങ്ങോട്ട് കടന്നുചെല്ലാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’ -എന്നായിരുന്നു പോസ്റ്റ്.

സംഘർഷ മേഖലയാണെന്നും അവിടേക്ക് പോകാൻ സാധ്യമല്ലെന്നുമാണ് പൊലീസ് എംപിമാരെ അറിയിച്ചത്. പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ച ശേഷമായിരുന്നു ഇവരുടെ യാത്ര. എന്നാൽ, യാത്ര തുടരുകയാണെങ്കിൽ തടങ്കലിലിടുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി എംപിമാർ അറിയിച്ചു.

TAGS :

Next Story