Quantcast

മധ്യപ്രദേശിൽ ഗോരക്ഷാ ആക്രമണത്തില്‍ മുസ്‌ലിം വയോധികൻ കൊല്ലപ്പെട്ടു

ആക്രമണത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ ട്രക്ക് ഡ്രൈവർ ശൈഖ് ലാലയ്‌ക്കെതിരെ നിയമവിരുദ്ധ പശുക്കടത്തിനു കേസെടുക്കുകയും ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    4 Aug 2022 4:20 PM GMT

മധ്യപ്രദേശിൽ ഗോരക്ഷാ ആക്രമണത്തില്‍ മുസ്‌ലിം വയോധികൻ കൊല്ലപ്പെട്ടു
X

ഭോപ്പാൽ: ഗോവധം ആരോപിച്ച് ആൾകൂട്ടം നടത്തിയ ആക്രമണത്തിൽ മുസ്‌ലിം വയോധികൻ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ നർമദാപുരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ നസീർ അഹ്‌മദ്(50) ആണ് ആക്രമണത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തതായി 'ദ വയര്‍' റിപ്പോര്‍ട്ട് ചെയ്തു.

നസീർ അഹ്‌മദിനൊപ്പം സയ്യിദ് മുഷ്താഖ്(40), ശൈഖ് ലാല(38) എന്നിവർ മധ്യപ്രദേശിലെ സിയോണി മാൽവയിൽനിന്ന് ട്രക്കിൽ കന്നുകാലികളെ കയറ്റികൊണ്ടുവരുമ്പോഴായിരുന്നു സംഭവം. പുലർച്ചെ ഒരു മണി നേരത്ത് ബർഖാദ് എന്ന ഗ്രാമത്തിൽ ട്രക്ക് എത്തിയപ്പോൾ ഒരു സംഘം വളയുകയും ഇവരെ പിടിച്ചുപുറത്തിറക്കുകയും ചെയ്തു. തുടർന്ന് ഗോവധം ആരോപിച്ച് വടികൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നസീർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മുഷ്താഖിനും ലാലയ്ക്കും സാരമായി പരിക്കേറ്റിണ്ടുണ്ട്.

മധ്യപ്രദേശിൽനിന്ന് നാട്ടിൽ വിൽക്കാനായി പശുക്കളെ കൊണ്ടുപോകുകയായിരുന്നു തങ്ങളെന്ന് പരിക്കേറ്റ ശൈഖ് ലാല മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഒരു ചോദ്യവുമില്ലാതെയായിരുന്നു അക്രമികൾ ഇവരെ മർദിച്ചത്. വിവരം അറിഞ്ഞ് അരമണിക്കൂറിനുശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് തന്നെ ആക്രമണത്തിനിരയായവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തിൽ 12 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഡോ. ഗുർകരൺ സിങ് പറഞ്ഞു. ഇതിൽ നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ട്രക്ക് ഡ്രൈവർ ശൈഖ് ലാലയ്‌ക്കെതിരെ നിയമവിരുദ്ധമായി പശുക്കളെ കടത്തിയ കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Summary: Cow vigilantes murder 50-year-old Muslim, two injured, in Brakhad village of Madhya Pradesh's Narmadapuram district

TAGS :

Next Story