ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്നു; ബാന്ദ്ര സ്‌റ്റേഷനിൽ മുസ്‌ലിം ആൺകുട്ടിയെ ഹിന്ദുത്വർ പിടിച്ചിറക്കി മർദിച്ചു
'ഇത് ഏതെങ്കിലും കുഗ്രാമത്തിലല്ല. മുംബൈയുടെ ഹൃദയമായ ബാന്ദ്രയിലാണ്. ഇതാണ് ഇന്ത്യ' രാജ്ദീപ് ട്വിറ്ററിൽ കുറിച്ചു
മുംബൈ: ബാന്ദ്ര ടെർമിനസ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് മുസ്‌ലിം ആൺകുട്ടിയെ ഹിന്ദുത്വ ഗുണ്ടകൾ പിടിച്ചിറക്കി മർദിച്ചു. ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്ന ആൺകുട്ടിയെ ലവ് ജിഹാദ് ആരോപിച്ചാണ് മർദിച്ചത്. സ്‌റ്റേഷനിൽ നിന്ന് ഒരു സംഘം ആൺകുട്ടിയുടെ തലമുടി പിടിച്ച് ജയ് ശ്രീരാം മുഴക്കി പുറത്തേക്ക് കൊണ്ടുവരുന്നതും മർദിക്കുന്നതുമായ വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
സ്വാതന്ത്ര്യ ദിനത്തിലാണ് സംഭവം പലരും ട്വിറ്ററിൽ പങ്കുവെച്ചത്. മാധ്യമപ്രവർത്തകരായ മീർ ഫൈസൽ, അഷ്‌റഫ് ഹുസൈൻ എന്നിവരും വീഡിയോ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയും വീഡിയോ പങ്കുവെച്ചു. 'ബാന്ദ്ര സ്‌റ്റേഷനിൽ ഒരു യുവാവിനെ ആൾക്കൂട്ടം മർദിക്കുകയും അത് സന്തോഷത്തോടെ ചിത്രീകരിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മുസ്‌ലിമായ ഈ യുവാവ് തന്റെ ഹിന്ദു പെൺകുട്ടിയുമായി സഞ്ചരിക്കുകയായിരുന്നു (അവൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ആരോപിക്കപ്പെടുന്നു) ജയ് ശ്രീ രാം എന്ന് മുഴക്കിയ ജനക്കൂട്ടം ഒട്ടും കരുണയില്ലാതെയാണ് യുവാവിനെ മർദിച്ചത്. പൊലീസിന്റെ ലക്ഷണങ്ങളൊന്നുമില്ല. പൊലീസിൽ പരാതമിയും ഇതുവരെയില്ല. ഒരാളും അറസ്റ്റ് ചെയ്യപ്പെട്ടില്ല. അന്വേഷണവുമില്ല. ഇത് ഏതെങ്കിലും കുഗ്രാമത്തിലല്ല. മുംബൈയുടെ ഹൃദയമായ ബാന്ദ്രയിലാണ്. ഇതാണ് ഇന്ത്യ. ഇത് ചെയ്യാനുള്ള പരിരക്ഷ എവിടെ നിന്നാണ് ലഭിക്കുന്നത്. വിദ്വേഷ രാഷ്ട്രീയത്തെ ലഘൂകരിക്കുകയാണോ? വെറുപ്പ് ഉപേക്ഷിക്കൂ... ദേശത്തെ ഒന്നിപ്പിക്കൂ... (സംഭവം ജൂലൈയിലെ മൂന്നാമത്തെ ആഴ്ചയിൽ നടന്നതായാണ് റിപ്പോർട്ട്)' രാജ്ദീപ് ട്വിറ്ററിൽ കുറിച്ചു.
സ്വാതന്ത്ര്യം നേടിയതിന്റെ 77ാം വാർഷികമായിരുന്നു ഈ ദിവസമെന്നും നമ്മുടെ സ്വാതന്ത്ര സമരസേനാനികൾ മുസ്‌ലിംകൾക്ക് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിട്ട് പോലുമുണ്ടാകില്ലെന്നും എഐഎംഐഎം ദേശീയ വക്താവ് വാരിസ് പത്താൻ പറഞ്ഞു. സംഭവത്തിൽ മുംബൈ പൊലീസ് ഉടൻ നടപടിയെടുക്കണമെന്നും ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Muslim Boy attacked by Hindutva goons at Bandra Terminus station for hanging out with Hindu girl
Adjust Story Font
16