മോദിയുടെ വിദ്വേഷ പരാമർശം: മുസ്‌ലിംകൾ രജപുത്രന്മാരെ കണ്ടുപഠിക്കണം-ഉവൈസി
''മുസ്‌ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്നും അവരുടെ പെണ്ണുങ്ങൾ പെറ്റുകൂട്ടുന്നവരാണെന്നും പച്ചക്കള്ളം പറയുന്ന പ്രധാനമന്ത്രി രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിനെതിരെ വിദ്വേഷവും സംശയവും പരത്താനാണു ശ്രമിക്കുന്നത്.''
അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നടത്തിയ വിദ്വേഷ പരാമർശങ്ങള്‍ക്കെതിരെ മുസ്‌ലിംകൾ ഉണർന്നെണീക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും പെറ്റുകൂട്ടുന്നവരെന്നും ജിഹാദികളെന്നുമെല്ലാമാണ് പ്രധാനമന്ത്രി അധിക്ഷേപിച്ചത്. കേന്ദ്രമന്ത്രി പർഷോത്തം രൂപാല തങ്ങൾക്കെതിരെ നടത്തിയ പരാമർശത്തോട് രജപുത്രന്മാർ പ്രതികരിച്ചത് മുസ്‌ലിംകൾ കണ്ടുപഠിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
'ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസി'നു നൽകിയ അഭിമുഖത്തിലാണ് ഉവൈസിയുടെ പ്രതികരണം. ''തങ്ങളുടെ യഥാർഥ അജണ്ടയായ ഹിന്ദുത്വയ്ക്കു പ്രചാരം നൽകാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സബ് കാ സാത്, സബ് കാ വികാസ് എന്നൊക്കെയുള്ള മുദ്രാവാക്യങ്ങളിലൂടെ ജനങ്ങളെ ആകർഷിക്കാനാണു നോക്കുന്നത്. മുസ്‌ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്നും അവരുടെ പെണ്ണുങ്ങൾ പെറ്റുകൂട്ടുന്നവരാണെന്നും ഹിന്ദു സ്ത്രീകളുടെ താലിമാല തട്ടിപ്പറിഞ്ഞ് മുസ്‌ലിംകൾക്കു നൽകുമെന്നുമെല്ലാം പച്ചക്കള്ളം പറയുന്ന പ്രധാനമന്ത്രി രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിനെതിരെ വിദ്വേഷവും സംശയവും പരത്താനാണു ശ്രമിക്കുന്നത്.''-ഉവൈസി ചൂണ്ടിക്കാട്ടി.
''ജിഹാദി എന്ന് പ്രധാനമന്ത്രി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതിനർഥമെന്താണ്? മുസ്‌ലിംകൾ ഉണർന്നെണീക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി രൂപാല നടത്തിയ സമാനമായ പരാമർശത്തോട് രജപുത്രന്മാർ എങ്ങനെയാണു പ്രതികരിച്ചതെന്ന് അവർ കണ്ടുപഠിക്കണം. തങ്ങൾ അസ്വസ്ഥരാണെന്നും തങ്ങളുടെ വികാരങ്ങൾ വ്രണപ്പെട്ടുവെന്നും വൈകാരികമായി വിക്ഷുബ്ധരാണെന്നും രാജ്യത്തുടനീളം പ്രഖ്യാപിച്ചുകഴിഞ്ഞു അവർ. എന്തു വിലകൊടുത്തും ബി.ജെ.പിയെ തോൽപിക്കാനും അവർ തീരുമാനമെടുത്തു. രജപുത്രന്മാരെ പകർത്തി പ്രധാനമന്ത്രിയുടെ അസഭ്യപരാമർശങ്ങളോട് പ്രതികരിക്കാൻ രാജ്യത്തെ വലിയ ന്യൂനപക്ഷം തയാറാകണം.''
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഹാരാഷ്ട്രയിലുമുള്ള മുസ്‌ലിം സംവരണത്തെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ കള്ളം പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഈ സംസ്ഥാനങ്ങളിലൊന്നും മതത്തിന്റെ അടിസ്ഥാനത്തിലല്ല, മുസ്‌ലിംകൾക്കിടയിലെ ജാതിയുടെ അടിസ്ഥാനത്തിലാണ് സംവരണം നൽകിയിട്ടുള്ളത്. വിഖ്യാത നരവംശശാസ്ത്രജ്ഞൻ പി.എസ് കൃഷ്ണൻ സംവരണത്തിന് അർഹതയുള്ള പ്രത്യേക ജാതിവിഭാഗങ്ങളെ കുറിച്ചു പറഞ്ഞു രംഗത്തെത്തിയത് അങ്ങനെയാണ്. സുപ്രിംകോടതി അതിന് അംഗീകാരവും നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ മഹ്‌മൂദുറഹ്‌മാൻ കമ്മിറ്റിയാണ് മുസ്‌ലിംകൾക്കിടയിലെ ജാതിവിഭാഗങ്ങളെ കണ്ടെത്തിയത്. ഇതേ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പിന്നീട് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിക്ക് മുസ്‌ലിംകളോട് ജന്മനായുള്ള വിദ്വേഷമാണ് അമിത് ഷായുടെ ഉൾപ്പെടെയുള്ള പരാമർശങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഉവൈസി കൂട്ടിച്ചേർത്തു.
Summary: ‘It is high time Muslims should wake up and learn from Rajputs’: AIMIM leader Asaduddin Owaisi on PM' Narendra Modi's 'anti-Muslim' hate speech
Adjust Story Font
16