രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായി പോരാടും: അസദുദ്ദീൻ ഒവൈസി
തന്റെ പോരാട്ടം അധികാരത്തിൽ വരാനല്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ കെട്ടിപ്പടുക്കാനാണ് പാർട്ടി രാജസ്ഥാനിൽ എത്തിയതെന്നും ഒവൈസി
ജയ്പൂർ: 2023 ഡിസംബറിൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസി. രാജസ്ഥാനിൽ പാർട്ടിയുടെ കോർ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ പരിഗണിച്ച് ശരിയായ സമയത്ത് ഏതെങ്കിലും സഖ്യവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കോൺഗ്രസുമായോ ബിജെപിയുമായോ സഖ്യമുണ്ടാകില്ലെന്നും ഒവൈസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തന്റെ പോരാട്ടം അധികാരത്തിൽ വരാനല്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ കെട്ടിപ്പടുക്കാനാണ് തന്റെ പാർട്ടി രാജസ്ഥാനിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐഎംഐഎം ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണം അവരുടെ നേതാക്കളുടെ നിരാശയെയാണ് പ്രതിഫലിപ്പിക്കുന്നത്. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച ഒവൈസി ഗ്യാൻവാപി മസ്ജിദ് വിഷയത്തിലും പ്രതികരിക്കുകയുണ്ടായി. നിയമപ്രകാരം ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്വഭാവം മാറ്റാൻ കഴിയില്ല. 1947 ഓഗസ്റ്റ് 15 ന് അവിടെ അങ്ങനെയൊരു പള്ളിയുണ്ടായിരുന്നു. ഒവൈസി ആവർത്തിച്ചു പറഞ്ഞു. വൈവിധ്യമാണ് രാജ്യത്തിന്റെ സൗന്ദര്യമെന്നും അത് നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പ്രശ്‌നം എകീകൃത സിവിൽ കോഡല്ല. രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. അതിന്റെ ഉത്തരവാദിത്തം ബിജെപി സർക്കാരിനാണ്. ഒവൈസി മാധ്യമങ്ങൾക്കു മുമ്പാകെ കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള പാർട്ടി കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ബിഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് എ.ഐ.എം.ഐ.എം മത്സരിച്ചത്.
Adjust Story Font
16