നായിഡു ജയിലിൽ സുരക്ഷിതന്‍, എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കും: ആന്ധ്രാ ആഭ്യന്തര മന്ത്രി
സ്കില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ നായിഡുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്
തനേതി വനിതാ
ഹൈദരാബാദ്: അഴിമതിക്കേസില്‍ രാജമുണ്ട്രി സെൻട്രൽ ജയിലില്‍ കഴിയുന്ന ആന്ധ്രാ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സുരക്ഷിതനാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആഭ്യന്തര മന്ത്രി തനേതി വനിതാ. സ്കില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ നായിഡുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
''നായിഡുവിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അസത്യമാണ്. പ്രത്യേക ‘സ്‌നേഹ’ ബ്ലോക്കിൽ അദ്ദേഹത്തിന് നല്ല സുരക്ഷയുണ്ട്, മാവോയിസ്റ്റുകളായ മറ്റ് തടവുകാരിൽ നിന്ന് അദ്ദേഹത്തിന് കൃത്യമായ സുരക്ഷ നൽകിയിട്ടുണ്ട്, ”തനേതി പറഞ്ഞു. വിശാഖപട്ടണത്ത് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ജയിൽ മേധാവികളുടെ ദ്വിദിന ദേശീയ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. തെലുഗു ദേശം പാർട്ടി (ടിഡിപി) നേതാക്കൾ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ സൃഷ്ടിക്കുകയും സെൻട്രൽ ജയിലിനെയും സംസ്ഥാന സർക്കാരിനെയും അന്യായമായി കുറ്റപ്പെടുത്തുന്നതായും ആഭ്യന്തരമന്ത്രി ആരോപിച്ചു. ''നായിഡു സീമെൻസ് കമ്പനിയുമായി ഇടപഴകുകയും ഷെൽ കമ്പനികൾ വഴി പണം വകമാറ്റുകയും ചെയ്തുവെന്ന് സിഐഡി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാർ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കേണ്ട ആവശ്യമില്ല,” തനേതി കൂട്ടിച്ചേർത്തു.
ചന്ദ്രബാബു നായിഡുവും കുടുംബവും ടിഡിപിയും 279 കോടി രൂപയുടെ ദുർവിനിയോഗ ഫണ്ടിന്‍റെ അന്തിമ ഗുണഭോക്താക്കളാണെന്ന് സിഐഡി ആരോപിച്ചു.അഴിമതിയുടെ മുഖ്യ സൂത്രധാരനെന്ന് നായിഡുവിനെ വിശേഷിപ്പിച്ച സിഐഡി അദ്ദേഹം ഫണ്ട് ദുരുപയോഗം ചെയ്യുകയും തെറ്റായ രേഖകൾ ഉണ്ടാക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16