Quantcast

കുനോ ദേശീയോദ്യാനത്തിലെ ആശ പ്രസവിച്ചു; മൂന്ന് ചീറ്റക്കുഞ്ഞുങ്ങള്‍

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    4 Jan 2024 10:27 AM IST

cheetah cubs
X

കുനോ ദേശീയോദ്യാനത്തിലെ പുതിയ ചീറ്റക്കുഞ്ഞുങ്ങള്‍

ഷിയോപൂര്‍: നമീബിയയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളിലൊന്നായ 'ആശ' മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. മൂന്നു ചീറ്റക്കുഞ്ഞുങ്ങളുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

''ആശ സുഖമായിരിക്കുന്നു. കുഞ്ഞുങ്ങളെ പരിപാലിക്കുന്നുണ്ട്. ഒരു ടീം അവളെ നിരീക്ഷിക്കുന്നുണ്ട്. അവള്‍ ഗര്‍ഭിണിയാണെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. ഫോട്ടോഗ്രാഫിക് തെളിവുകൾക്ക് ശേഷം ഇന്ന് അത് സ്ഥിരീകരിച്ചു'' പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അസീം ശ്രീവാസ്തവ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. “അവർ ഈ ആവാസവ്യവസ്ഥ അംഗീകരിച്ചു. സാഹചര്യങ്ങൾ അനുകൂലമാണെന്ന് ഇത് കാണിക്കുന്നു. ഞങ്ങൾക്കിത് വളരെ നല്ല വാർത്തയാണ്. അവർക്ക് കാട്ടിൽ അതിജീവിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം തന്‍റെ ജന്മദിനത്തില്‍ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളുടെ രണ്ടാം ബാച്ചിൽ ഏഴ് ആണും അഞ്ച് പെണ്ണുമാണുണ്ടായിരുന്നത്. രാജ്യത്ത് എത്തിച്ച 20 ചീറ്റകളില്‍ 18 എണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.

ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2009ൽ ആവിഷ്കരിച്ച പദ്ധതിയിലാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 1952 ൽ ഏഷ്യൻ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.വേട്ടയാടൽ, ആവാസവ്യവസ്ഥ നഷ്ടമാകല്‍, ഭക്ഷ്യക്ഷാമം എന്നിവയാണ് ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ വംശനാശത്തിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ 200 ചീറ്റകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ഗ്രാമത്തില്‍ പ്രവേശിച്ച് കന്നുകാലികളെ കൊന്നുതിന്നുന്ന കാരണത്താല്‍ ചീറ്റുകളെ കൊന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് വംശനാശം സംഭവിച്ച ഏക വലിയ സസ്തനിയാണ് ചീറ്റ.

TAGS :

Next Story