'നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി, പക്ഷേ ഇത് വ്യാജ വാർത്തയാണ്'; അമർത്യാസെൻ മരിച്ചെന്ന വ്യാജ വാർത്തയിൽ മകളുടെ പ്രതികരണം
2023 മേയിൽ നിർമിക്കപ്പെട്ട വ്യാജ അക്കൗണ്ടിൽ നിന്നാണ് മരണ വിവരം വന്നതെന്ന് റിപ്പോർട്ട്
നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യാസെൻ അന്തരിച്ചെന്ന വ്യാജ വാർത്തയോട് പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ മകൾ നന്ദന ദേബ് സെൻ. അമർത്യാസെനിനൊപ്പമിരിക്കുന്ന ചിത്രം സഹിതം എക്‌സിലാണ് (ട്വിറ്റർ) അവരുടെ പ്രതികരണം.
'സുഹൃത്തുക്കളേ, നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി, പക്ഷേ ഇത് വ്യാജ വാർത്തയാണ്, ബാബ പൂർണ്ണമായും സുഖമായിരിക്കുന്നു. ഞങ്ങൾ കേംബ്രിഡ്ജിൽ കുടുംബത്തോടൊപ്പം മനോഹരമായ ഒരാഴ്ച ചെലവഴിച്ചു. കഴിഞ്ഞ രാത്രി ഞങ്ങൾ പോകുമ്പോൾ പോലും എല്ലായിപ്പോഴുമെന്ന പോലെ അദ്ദേഹം ആരോഗ്യവാനാണ്. ഹാർവാർഡിൽ ആഴ്ചയിൽ 2 കോഴ്സുകൾ പഠിപ്പിക്കുകയാണ്. ജെൻഡർ ബുക്കുമായി ബന്ധപ്പെട്ട ജോലിയും ചെയ്യുന്നു-എപ്പോഴത്തെയും പോലെ തിരക്കിലാണ്!' 89 കാരനായ അമർത്യാസെന്നിനെ കുറിച്ച് മകൾ എക്‌സിൽ എഴുതി.
ഇന്ന് രാജ്യത്തെ പ്രധാന മാധ്യമങ്ങളടക്കം അമർത്യാസെൻ അന്തരിച്ചതായി വാർത്ത നൽകിയിരുന്നു. സാമ്പത്തിക ചരിത്രകാരിയായ ക്ലോഡിയ ഗോൾഡിനെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ 2023 മേയിൽ നിർമിക്കപ്പെട്ട ഗോൾഡിനുമായി ബന്ധമില്ലാത്ത വ്യാജ അക്കൗണ്ടിൽ നിന്നാണ് ഈ വിവരം വന്നതെന്ന് മിൻറ് റിപ്പോർട്ട് ചെയ്തു. മകളുടെ പ്രതികരണത്തോടെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ മരണ വിവരം സംബന്ധിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്തു.
1998ലാണ് അമർത്യസെന്നിന് സാമ്പത്തിക നൊബേൽ ലഭിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 1999ൽ രാജ്യം ഭാരതരത്നം നൽകി ആദരിച്ചിട്ടുണ്ട്.
Actress and writer Nandana Deb Sen reacts to fake news related to Nobel laureate economist Amartya Sen's death.
Adjust Story Font
16