വിഷയം 'ഒത്തുതീർപ്പാക്കാൻ' ഇടപെട്ട് നരേഷ് ടികായത്ത്; തൃപ്ത ത്യാഗിക്കെതിരായ കേസ് പിൻവലിക്കും, കുടുംബത്തിനുമേല്‍ സമ്മര്‍ദം
ഗ്രാമത്തില്‍ ഇനി തങ്ങളുടെ ഭാവിയെന്താകുമെന്ന ഭീതിയിലാണെന്നും ആ വിഡിയോ കണ്ട് ഞാനും ഭാര്യയും പേടിച്ചിരിക്കുകയാണെന്നുമാണ് അടിയേറ്റ കുട്ടിയുടെ പിതാവ് പറഞ്ഞത്
നരേഷ് ടികായത്ത്, തൃപ്ത ത്യാഗി
ലഖ്‌നൗ: സഹപാഠികളെക്കൊണ്ട് മുസ്‌ലിം വിദ്യാർത്ഥിയെ തല്ലിച്ച സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരായ പരാതി പിൻവലിക്കാൻ കർഷക നേതാവ് നരേഷ് ടിക്കായത്ത് ഇടപെട്ടതായി റിപ്പോർട്ട്. കേസ് ഒത്തുതീർപ്പാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതായി 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
അടിയേറ്റ വിദ്യാർത്ഥിയും അധ്യാപികയുടെ നിർദേശം കേട്ട് അടിച്ച വിദ്യാർത്ഥിയും പരസ്പരം കൈകൊടുത്ത് ആലിംഗനം ചെയ്ത വിഡിയോ പുറത്തുവന്നിരുന്നു. ഭാരതീയ കിസാൻ യൂനിയൻ ദേശീയ അധ്യക്ഷൻ നരേഷ് സിങ് ടികായത്ത് ആണ് ഇതിനു മുന്നിട്ടിറങ്ങിയത്. മുസഫര്‍നഗര്‍ സ്കൂളിലെ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് നരേഷ് കബ്ബുപൂരിലെത്തി പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടത്. കുട്ടിയുടെ കുടുംബത്തെയും സ്‌കൂൾ വിദ്യാർത്ഥികളെയും അദ്ദേഹം നേരിൽകണ്ടു. പ്രതിയായ അധ്യാപികയുമായും നരേഷ് കൂടിക്കാഴ്ച നടത്തിയതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഗ്രാമത്തിൽ സമാധാനചർച്ചയും നടന്നു.
ഇതിനിടയിലാണ് അധ്യാപികയ്‌ക്കെതിരായ പരാതി പിൻവലിക്കാൻ വിദ്യാർത്ഥിയുടെ പിതാവ് ഇർഷാദിനോട് അദ്ദേഹം ആവശ്യപ്പെട്ടത്. വിഷയം ഒത്തുതീർപ്പാക്കി പ്രശ്‌നം അവസാനിപ്പിക്കാനായിരുന്നു ആവശ്യം. ഇക്കാര്യം നരേഷ് മാധ്യമങ്ങളോടും വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമത്തിൽ സമാധാനമുണ്ടാകണമെന്നും തൃപ്തയ്‌ക്കെതിരായ കേസ് പിൻവലിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമത്തലവനും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിനുമേൽ സമ്മർദം ചെലുത്തിയിരുന്നു.
അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കരുതെന്നാണു കുടുംബത്തിന്‍റെ ആവശ്യമെന്ന് ഇതിനുശേഷം പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഗ്രാമത്തില്‍ തങ്ങളുടെ ഭാവിയെന്താകുമെന്ന ഭീതിയിലാണ് താനും കുടുംബവുമെന്നാണ് ഇർഷാദ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞത്. ''ഞാനൊരു കർഷകനാണ്. തൃപ്ത മാഡത്തെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. എന്റെ മകനും അവന്റെ അനന്തരവനുമെല്ലാം ഇവിടെയാണ് വർഷങ്ങളായി പഠിക്കുന്നത്. അവർ മാപ്പുപറയുകയും വിശദീകരണം നൽകുകയും ചെയ്താൽ മതി.''-അദ്ദേഹം പറഞ്ഞു.
''എന്റെ മകനെ അവന്റെ സ്വത്വത്തിന്റെ പേരിൽ അടിക്കുന്നതു കണ്ടത് ഞെട്ടലോടെയാണ്. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിലാണ് അവനെ അപമാനിച്ചത്. ഈ ഗ്രാമത്തിൽ ഇത്തരത്തിലൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. മകനെ ഇനിയും അങ്ങോട്ട് അയക്കാനാകില്ല. ആ വിഡിയോ കണ്ട് ഞാനും ഭാര്യയും ഭയന്നിരിക്കുകയാണ്. അവനെ മറ്റൊരു സ്‌കൂളിൽ ചേർക്കണം''-ഇർഷാദ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ ലജ്ജ തോന്നുന്നില്ലെന്ന് തൃപ്ത ത്യാഗി ഇന്നു വ്യക്തമാക്കിയിരുന്നു. അധ്യാപികയായി ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും അവർ തനിക്കൊപ്പമുണ്ടെന്നുമാണ് അധ്യാപിക പറഞ്ഞത്. കുട്ടികളെ നിയന്ത്രിക്കാനാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്നും അവർ ന്യായീകരിച്ചു.
Summary: Farmers leader Naresh Tikait wants the victim student's family to expunge the FIR now in the name of 'compromise' after meeting the accused teacher Tripta Tyagi
Adjust Story Font
16