'ബിൽക്കീസ് ബാനു സ്ത്രീയാണോ മുസ്‍ലിമാണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നു': മെഹുവ മൊയിത്ര
ട്വിറ്ററിലൂടെയാണ് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്
ഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ കുറ്റവാളികളെ ജയിൽ മോചിതരാക്കിയതിന് കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മെഹുവ മൊയിത്ര. ബിൽക്കീസ് ബാനു സ്ത്രീയാണോ മുസ്‍ലിമാണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നെന്ന് മൊയിത്ര ട്വീറ്റ് ചെയ്തു.
നീതിന്യായ വ്യവസ്ഥയിലുള്ള തന്‍റെ വിശ്വാസത്തെ തീരുമാനം ഉലച്ചു കളഞ്ഞെന്ന് ബിൽക്കീസ് ബാനുവും പ്രതികരിച്ചു. താനിപ്പോഴും മരവിപ്പിലാണെന്നും ഭയമില്ലാതെ ജീവിക്കാനുള്ള തന്റെ അവകാശം തിരികെ തരണമെന്നും ബിൽകിസ് ബാനു പ്രസ്താവനയില്‍ പറഞ്ഞു. തന്നെ പോലെ നിയമപോരാട്ടം നടത്തുന്ന സ്ത്രീകളെക്കുറിച്ച് ഓർക്കുമ്പോൾ ആശങ്ക തോന്നുകയാണെന്നും ബിൽക്കീസ് ബാനു പറഞ്ഞു. പ്രതികളെ വെറുതെവിട്ടതിനെ കുറിച്ച് കേട്ടതോടെ തനിക്ക് പറയാൻ വാക്കുകൾ ഇല്ലാതായിപ്പോയെന്നും പ്രസ്താവനയിൽ പറയുന്നു.
കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷയിൽ തടവിൽ കഴിയുകയായിരുന്ന 11 പ്രതികളേയും കഴിഞ്ഞദിവസമാണ് മോചിപ്പിച്ചത്. ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സർക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് മോചനം.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ 5 മാസം ഗർഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കോലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്. 2008ലാണ് കേസിലെ പ്രതികൾക്ക് മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ബോംബെ ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. 15 വർഷത്തിലേറെയായി പ്രതികൾ ജയിലിൽ കഴിയുകയായിരുന്നു.
Adjust Story Font
16