കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം തുടരുന്നു
ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടർമാരുടെ സമരം തുടരുന്നു. മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് പ്രതിഷേധം തണുപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഡൽഹിയിൽ എല്ലാ മെഡിക്കൽ കോളജുകളിലും ഒരു മണിക്കൂർ വീതം സമരം നടന്നു.
രാജ്യത്തെ ഭൂരിപക്ഷം സർക്കാർ മെഡിക്കൽ കോളജുകളിലെയും ഡോക്ടർമാർ സമരവുമായി രംഗത്തിറങ്ങിയതോടെയാണ് പുതിയ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചത്. സുരക്ഷ പരിശോധിക്കാനുള്ള സമിതിയിലേക്ക് ഐ.എം.എയ്ക്കും റെസിഡന്റ് ഡോക്ടർമാരുടെ സംഘടനയ്ക്കും നിർദേശം സമർപ്പിക്കാം. സമരം അവസാനിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അതേസമയം, ആർ.ജി കർ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും കുറ്റകരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന ദേശീയ വനിതാ കമ്മീഷന്റെ വസ്തുതാന്വേഷണ റിപ്പോർട്ടും പുറത്തുവന്നു. വനിതാ ഡോക്ടർമാർക്ക് വിശ്രമമുറി ഇല്ലെന്ന് റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറയുന്നു. മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ സി.ബി.ഐ ഇന്നും തുടർന്നു.
സുരക്ഷ ആവശ്യപ്പെട്ട് കൊൽക്കത്ത ആർ.ജി കർ ആശുപത്രിയിലെ ഡോക്ടർമാർ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കേന്ദ്ര സേനയെ വിന്യസിക്കണമെന്നും തങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് ഡോക്ടർമാർ കത്തെഴുതിയത്.
Adjust Story Font
16