Quantcast

ഒറ്റയ്ക്ക് മത്സരിക്കും, പ്രതിപക്ഷ സഖ്യത്തിലേക്കില്ല: നവീന്‍ പട്നായിക്

ബി.ജെ.ഡി സമദൂര നിലപാട് തുടരുമോ എന്ന ചോദ്യത്തിന് അതാണ് എപ്പോഴും പദ്ധതിയെന്ന് നവീന്‍ പട്നായിക്

MediaOne Logo

Web Desk

  • Published:

    11 May 2023 4:16 PM GMT

Naveen Patnaik Says Wont Align With Opposition Parties
X

Naveen Patnaik

ഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.ഡി തനിച്ച് മത്സരിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമാകില്ല. തനിച്ച് മത്സരിക്കുക എന്നതാണ് എപ്പോഴും തങ്ങളുടെ പദ്ധതിയെന്നും നവീന്‍ പട്‌നായിക് പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു നവീന്‍ പട്നായിക്.

ബി.ജെ.ഡി സമദൂര നിലപാട് തുടരുമോ എന്ന ചോദ്യത്തിന് അതാണ് എപ്പോഴും പദ്ധതിയെന്ന് നവീന്‍ പട്നായിക് വ്യക്തമാക്കി. നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും പ്രതിപക്ഷ സഖ്യത്തിലേക്കില്ലെന്ന് നവീന്‍ പട്നായിക് സൂചന നല്‍കിയിരുന്നു- "ഞങ്ങള്‍ സുഹൃത്തുക്കളാണ്. വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ സഹപ്രവർത്തകരായിരുന്നു. ഇന്ന് ഒരു സഖ്യത്തെപ്പറ്റിയും ചർച്ച നടന്നിട്ടില്ല"

2024ല്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്താനുള്ള ശ്രമം നിതീഷ് കുമാര്‍ തുടരുന്നതിനിടെയാണ് നവീന്‍ പട്നായികിന്‍റെ പ്രതികരണം. മൂന്നാം മുന്നണിയില്‍ ചേരാനുള്ള സാധ്യതയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ 'ഇല്ല, എന്നെ സംബന്ധിച്ച് അതിന്റെ ആവശ്യകത ഇപ്പോഴില്ല' എന്നായിരുന്നു പട്നായികിന്‍റെ മറുപടി.

"പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ഒഡീഷയുടെ ആവശ്യങ്ങള്‍ക്കായാണ്. ഭുവനേശ്വറില്‍ നിന്ന് പുരിയിലേക്ക് അന്താരാഷ്ട്ര വിമാനത്താവളം മാറ്റുന്നതിനെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു".

രാജ്യതലസ്ഥാനത്തേക്കുള്ള ഈ സന്ദർശനത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നില്ലെന്നും പട്നായിക് വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.

Summary- Odisha Chief Minister Naveen Patnaik today nixed the possibility of working with the opposition for the 2024 national election, declaring that his Biju Janata Dal (BJD) party will go it alone and that this has always been the plan

TAGS :

Next Story