Quantcast

''ക്രൂരൻ; പണത്തിനു വേണ്ടി അമ്മയെ വൃദ്ധസദനത്തിൽ തള്ളിയവൻ''; തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സിദ്ദുവിനെ വെട്ടിലാക്കി സഹോദരി

അച്ഛന്റെ മരണത്തിനു പിന്നാലെ പെരുവഴിയിലായ അമ്മ റെയിൽവേ സ്റ്റേഷനിൽ കിടന്നാണ് മരിച്ചതെന്ന് നവ്‌ജ്യോത് സിങ് സിദ്ദുവിൻരെ സഹോദരി സുമൻ തൂർ ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    28 Jan 2022 12:20 PM GMT

ക്രൂരൻ; പണത്തിനു വേണ്ടി അമ്മയെ വൃദ്ധസദനത്തിൽ തള്ളിയവൻ; തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സിദ്ദുവിനെ വെട്ടിലാക്കി സഹോദരി
X

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരെ കടുത്ത ആരോപണവുമായി സഹോദരി. പണത്തിനു വേണ്ടി അമ്മയെ വൃദ്ധസദനത്തിൽ തള്ളിയയാളാണ് സിദ്ദുവെന്ന് സഹോദരി സുമൻ തൂർ ആരോപിച്ചു. ക്രൂരസ്വഭാവക്കാരനാണ് സിദ്ദുവെന്നും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സുമൻ കുറ്റപ്പെടുത്തി.

പഞ്ചാബിൽ തെരഞ്ഞെടുപ്പ് ചൂട് ശക്തമാകുന്നതിനിടെയാണ് ഇന്ന് ചണ്ഡീഗഢിൽ വാർത്താസമ്മേളനം വിളിച്ച് 70കാരിയായ സഹോദരിയുടെ ആരോപണം. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ആരോപണം സിദ്ദുവിനെ പ്രതികൂലമായി ബാധിക്കാനുമിടയുണ്ട്. 1986ൽ അച്ഛൻ മരിച്ചതിനു പിന്നാലെയാണ് അമ്മയെയും തന്നെയും സിദ്ദു പെരുവഴിയിലാക്കിയതെന്ന് സുമൻ ആരോപിച്ചു. പിന്നീട് മൂന്നു വർഷം കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ കിടന്നാണ് അമ്മ മരിച്ചതെന്നും അവർ ആരോപിച്ചു.

''ഒരുപാട് പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോയിട്ടുള്ളത്. നാലു മാസത്തോളം ആശുപത്രിയിലായിരുന്നു അമ്മ. പെൻഷനു പുറമെ വീട് നിന്നിരുന്ന സ്ഥലത്തെ സ്വത്തുക്കളടക്കം ഉപേക്ഷിച്ചാണ് അച്ഛൻ മരിച്ചത്. ഈ സമയത്താണ് അമ്മയെ സിദ്ദു വൃദ്ധസദനത്തിൽ ഉപേക്ഷിച്ചത്. ഞാൻ പറയുന്നതിനെല്ലാം കൃത്യമായ തെളിവുകളുണ്ട് എന്റെ പക്കൽ..'' സുമൻ കൂട്ടിച്ചേർത്തു.

1987ൽ ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് കള്ളം പറഞ്ഞ ക്രൂരനാണ് സിദ്ദുവെന്നും സുമൻ കുറ്റപ്പെടുത്തി. അച്ഛനെയും അമ്മയെയും കുറിച്ച് സിദ്ദു അവകാശപ്പെടുന്നതെല്ലാം തെറ്റാണെന്നും അവർ ആരോപിച്ചു. ദിവസങ്ങൾക്കുമുൻപ് നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും സിദ്ദു വഴങ്ങിയില്ലെന്നും സുമൻ തൂർ വെളിപ്പെടുത്തി.

Summary: Punjab Congress chief Navjot Singh Sidhu's elder sister Suman Tur has accused him of 'deserting' her mother for the sake of money in her old age

TAGS :

Next Story