'കോണ്‍ഗ്രസ് അധ്യക്ഷയുടെ ആഗ്രഹപ്രകാരം'... പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ച് സിദ്ദു
സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് രാജി.
പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് രാജി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെ പിസിസി അധ്യക്ഷന്മാരോട് സ്ഥാനമൊഴിയാന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചിരുന്നു.
"കോൺഗ്രസ് അധ്യക്ഷ ആഗ്രഹിച്ചതുപോലെ ഞാൻ എന്‍റെ രാജിക്കത്ത് അയച്ചു"- രാജിക്കത്തിന്‍റെ പകർപ്പ് സഹിതം സിദ്ദു ട്വിറ്ററിൽ കുറിച്ചു.
സംസ്ഥാനങ്ങളിലെ കോൺഗ്രസ് യൂണിറ്റുകളുടെ പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡന്‍റുമാരോട് രാജിവെയ്ക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്.
ആം ആദ്മി പാർട്ടിയെ അധികാരത്തിലെത്തിച്ച് മാറ്റത്തിന് തുടക്കം കുറിക്കാനുള്ള മികച്ച തീരുമാനമെടുത്ത പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സിദ്ദു വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷനായിരിക്കെ എങ്ങനെ ഇങ്ങനെ പറയുമെന്ന് ചോദിച്ചപ്പോൾ, ജനങ്ങൾ മാറ്റമാണ് തെരഞ്ഞെടുത്തതെന്നും അവർക്ക് ഒരിക്കലും തെറ്റില്ലെന്നും സിദ്ദു ഉറപ്പിച്ചുപറഞ്ഞു. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്, വിനയത്തോടെ മനസ്സിലാക്കി അതിന് വിധേയപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ 117 നിയമസഭാ മണ്ഡലങ്ങളില്‍ 92 സീറ്റില്‍ വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. സിദ്ദുവും ഛന്നിയും ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ പ്രധാന സ്ഥാനാര്‍ഥികള്‍ പോലും തോറ്റു. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങും സിദ്ദുവും തമ്മിലെ പടലപ്പിണക്കത്തിനൊടുവില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അമരീന്ദറും തോല്‍വി ഏറ്റുവാങ്ങി.
Adjust Story Font
16