Quantcast

ഹിന്ദു രാഷ്ട്രം, 'ലവ് ജിഹാദ്' പരാമർശങ്ങൾ: ബാഗേശ്വർ ബാബയുടെ അഭിമുഖം നീക്കംചെയ്യാൻ 'ന്യൂസ്18'നോട് എൻബിഡിഎസ്എ

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നും ഇവിടെ ജീവിക്കണമെങ്കിൽ 'സീതാ റാം' എന്നു പറയണമെന്നും അഭിമുഖത്തിൽ സ്വയം പ്രഖ്യാപിത ആൾദൈവം ധിരേന്ദ്രകൃഷ്ണ പറയുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-11-08 05:27:08.0

Published:

8 Nov 2024 4:50 AM GMT

Promotes religious disharmony: NBDSA directs News18 to delete Dhirendra Shastri interview, Bageshwar Baba row
X

ന്യൂഡൽഹി: 'ബാഗേശ്വർ ബാബ' എന്ന പേരിൽ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ധിരേന്ദ്രകൃഷ്ണ ശാസ്ത്രിയുടെ അഭിമുഖത്തിനെതിരെ ദേശീയ വാർത്താ ബ്രോഡ്കാസ്‌റ്റേഴ്‌സ് സംഘടന. ഒരു വർഷം മുൻപ് ന്യൂസ്18 പ്രക്ഷേപണം ചെയ്ത അഭിമുഖം നീക്കം ചെയ്യാൻ നിർദേശിച്ചിരിക്കുകയാണ് 'ദി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്‌സ് അതോറിറ്റി'(എൻബിഡിഎസ്എ). അന്ധവിശ്വാസവും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നു കാണിച്ചാണു നടപടി. ഏഴു ദിവസത്തിനകം ഡിജിറ്റൽ ഉൾപ്പെടെ ചാനലിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽനിന്നും അഭിമുഖം നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാദ അഭിമുഖത്തിൽ ധിരേന്ദ്ര അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന നിരവധി അവകാശവാദങ്ങൾ നടത്തുന്നുണ്ടെന്ന് എൻബിഡിഎസ്എ ചെയർപേഴ്‌സൻ റിട്ട. ജഡ്ജി ജസ്റ്റിസ് എ.കെ സിക്രി ചൂണ്ടിക്കാട്ടി. ഇതിനു പുറമെ ഹിന്ദുരാഷ്ട്രവുമായും മതങ്ങളുമായും ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ പരാമർശങ്ങൾ വിഭാഗീയത സൃഷ്ടിക്കുന്നതാണ്. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ 'സീതാ റാം' എന്നു പറയണമെന്നാണ് ഇദ്ദേഹം പറയുന്നത്. ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കാനും കൊന്നുകളയാനും ഇസ്‌ലാം ആഹ്വാനം ചെയ്യുന്നതെന്നും ധിരേന്ദ്ര അവകാശപ്പെടുന്നുണ്ടെന്നും സിക്രി ചൂണ്ടിക്കാട്ടുന്നു.

ന്യൂസ്18 മാനേജിങ് എഡിറ്റർ കിഷോർ അജ്വനിയാണ് അഭിമുഖം നടത്തിയത്. 2023 ജൂലൈ 10നായിരുന്നു ഇത് ടിവിയിൽ സംപ്രേഷണം ചെയ്തത്. പൂനെ സ്വദേശിയായ ടെക്കിയും സാമൂഹിക പ്രവർത്തകനുമായ ഇന്ദ്രജീത് ഗോർപാഡെയാണ് എൻബിഡിഎസ്എയ്ക്ക് പരാതി നൽകിയത്. അഭിമുഖത്തിൽ ധിരേന്ദ്ര അന്ധവിശ്വാസം പ്രചരിപ്പിക്കുകയും മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. തന്റെ അമാനുഷിക ശക്തി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കാൻ കഴിയുമെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. മതേരതര രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നു പ്രഖ്യാപിക്കുകയും 'ലവ് ജിഹാദ്' ആരോപണങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതിഥികൾ നടത്തുന്ന പരാമർശങ്ങൾക്കെല്ലാം തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞൊഴിയുകയാണ് ചാനൽ ചെയ്‌തെന്നും ഇന്ദ്രജീത് പറയുന്നു. എന്നാൽ, അതിഥികൾ നടത്തിയ പരാമർശങ്ങൾക്കെല്ലാം ചാനലിനും ഉത്തരവാദിത്തമുണ്ടെന്ന് എൻബിഡിഎസ്എ ചട്ടവും ഒരു ബോംബെ ഹൈക്കോടതി വിധിയും വ്യക്തമാക്കുന്നുണ്ട്. അത്തരം വിദ്വേഷ പരാമർശങ്ങൾ നടത്താൻ സാധ്യതയുള്ളവരെ ക്ഷണിക്കരുതെന്നും വിധിയിൽ നിർദേശിക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ചാനലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ദ്രജീത് ഗോർപാഡെ ആവശ്യപ്പെട്ടു.

എന്തിനാണ് ഇത്തരമൊരാളെ ചാനലിലേക്ക് ക്ഷണിച്ചതെന്ന് എൻബിഡിഎസ്എ ന്യൂസ്18നോട് ചോദിച്ചതായി 'ബാർ ആൻഡ് ബെഞ്ച്' റിപ്പോർട്ട് ചെയ്തു. പ്രമുഖ വാർത്താ താരമാണ് ധിരേന്ദ്രകൃഷ്ണ എന്നാണ് ചാനൽ പ്രതികരിച്ചത്. യാത്രകളിലൂടെയും അല്ലാതെയും വാർത്തകളിൽ ഇടംപിടിച്ചയാളാണ്. ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭീഷണിയും അദ്ദേഹത്തിനെതിരെയുണ്ടെന്നും ഇതുകൊണ്ട് ഇത്തരമൊരാളുടെ അഭിമുഖത്തിനു വാർത്താമൂല്യമുണ്ടെന്നും ന്യൂസ്18 അവകാശപ്പെട്ടു.

ഇഷ്ടമുള്ള അതിഥികളെ ക്ഷണിക്കാനുള്ള അധികാരം ചാനലിനുണ്ടെന്ന് എൻബിഡിഎസ്എ പറഞ്ഞു. എന്നാലതു സംപ്രേഷണ പെരുമാറ്റച്ചട്ടങ്ങളോടു യോജിച്ചുവേണം. സംവാദങ്ങളും പ്രോഗ്രാമുകളുമായി ബന്ധപ്പെട്ടുള്ള മാർഗനിർദേശങ്ങളും പാലിക്കണം. മതസൗഹാർദവുമായും വംശീയതയുമായും അന്ധവിശ്വാസവുമായും ബന്ധപ്പെട്ടുള്ള മാർഗനിർദേശങ്ങൾ ചാനൽ ലംഘിച്ചിരിക്കുകയാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഏഴു ദിവസത്തിനകം അഭിമുഖം നീക്കം ചെയ്തില്ലെങ്കിൽ എൻബിഡിഎസ്എ തുടർനടപടിയിലേക്കു കടക്കും.

Summary: 'Promotes religious disharmony': NBDSA directs News18 to delete Dhirendra Shastri interview

TAGS :

Next Story