Quantcast

രാമായണവും മഹാഭാരതവും സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്താൻ എൻസിഇആർടി

പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ എന്ന പേര് മാറ്റി ‘ഭാരത്’ ആക്കാൻ സമിതി നേരത്തെ ശുപാർശ ചെയ്‌തത്‌ വിവാദമായിരുന്നു

MediaOne Logo

Web Desk

  • Published:

    21 Nov 2023 2:35 PM GMT

ncert new syllabus
X

ഡൽഹി: രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ എൻ‌സി‌ഇ‌ആർ‌ടി രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം രൂപീകരിച്ച ഏഴംഗ കമ്മറ്റിയാണ് സാമൂഹ്യശാസ്ത്ര സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്. കൂടാതെ ഭരണഘടനയുടെ ആമുഖം ക്ലാസ് മുറികളിലെ ചുവരുകളിൽ എഴുതാനും ശുപാർശ ചെയ്തെന്ന് സമിതി ചെയർപഴ്‌സൻ സി.ഐ.ഐസക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

7 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രാധാന്യമർഹിക്കുന്നതാണെന്ന് ഐസക് പറയുന്നു. സാമൂഹ്യശാസ്ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പഠിപ്പിക്കണമെന്നാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികൾ രാജ്യത്തിന് വേണ്ടി അവരുടെ ആത്മാഭിമാനവും ദേശസ്‌നേഹവും വളർത്തിയെടുക്കുമെന്ന് ഞങ്ങൾ കരുതുന്നു.ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവമുള്ളതുകൊണ്ടാണ്. അതിനാൽ, സ്വന്തം വേരുകൾ മനസ്സിലാക്കുകയും രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്': ഐസക് പറഞ്ഞു.

ചില വിദ്യാഭ്യാസ ബോർഡുകൾ രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും അതൊരു കെട്ടുകഥയായാണ് ((Myth) കുട്ടികളെ പഠിപ്പിക്കുന്നത്. രാമായണവും മഹാഭാരതവും മിത്തല്ല, ഇതിഹാസങ്ങളാണ്. ഈ ഇതിഹാസങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു ലക്ഷ്യവുമില്ല, അതൊരിക്കലും രാജ്യസേവനമാകില്ലെന്നും ഐസക് പറഞ്ഞു.

പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ എന്ന പേര് മാറ്റി ‘ഭാരത്’ ആക്കാൻ സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇത് എൻസിഇആർടി അംഗീകരിക്കുകയും ചെയ്തു. ഈ തീരുമാനം വിവാദങ്ങൾക്കാണ് വഴിവെച്ചത്. 3 മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ പുരാതന ചരിത്രത്തിന് പകരം ‘ക്ലാസിക്കൽ ഹിസ്റ്ററി’ ഉൾപ്പെടുത്തണമെന്നും ശുപാർശയുണ്ട്. എന്നാൽ, രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്തണമെന്ന ശുപാർശ നേരത്തെയുണ്ടായിരുന്നുവെന്നും സമിതി പുതിയ ശുപാർശകളൊന്നും നല്കിയിട്ടില്ലെന്നുമാണ് ഐസക് വ്യക്തമാക്കുന്നത്. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ ശുപാർശകൾ സമർപ്പിക്കാൻ 2021ൽ ആണ് 25 സമിതികൾ രൂപീകരിച്ചത്.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന് അനുസൃതമായി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കാനാണ് എൻസിഇആർടിയുടെ തീരുമാനം. പരിഷ്കരിച്ച എൻസിഇആർടി പാഠപുസ്തകങ്ങൾ അടുത്ത അക്കാഡമിക് സെഷനിൽ തയ്യാറാകാൻ സാധ്യതയുണ്ട്.

TAGS :

Next Story