Quantcast

'കുറച്ചു ദിവസംകൂടി കാത്തിരിക്കാം'; കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് അജിത് പവാർ

ബി.ജെ.പി നൽകിയ സഹമന്ത്രി സ്ഥാനം എൻ.സി.പി അജിത് പവാർ വിഭാഗം നിരസിച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    10 Jun 2024 10:54 AM GMT

Ready to wait, says NCP as it turns down MoS berth, asks for cabinet post, NCP Ajit Pawar faction, Lok Sabha 2024, Elections 2024
X

അജിത് പവാര്‍

മുംബൈ: മൂന്നാം മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ അതൃപ്തി പരസ്യമാക്കി സഖ്യകക്ഷിയായ അജിത് പവാർ പക്ഷം എൻ.സി.പി. പാർട്ടി നേതാവ് പ്രഫുൽ പട്ടേലിനു സഹമന്ത്രി സ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നത്. ഇതു നിരസിച്ചിരിക്കുകയാണ് എന്‍.സി.പി. പാര്‍ട്ടിക്കു സഹമന്ത്രി സ്ഥാനം തന്നതു ശരിയല്ലെന്നാണ് പാർട്ടി തലവൻ അജിത് പവാർ പ്രതികരിച്ചത്.

പ്രഫുൽ പട്ടേൽ മുൻപ് കേന്ദ്രത്തിൽ കാബിനറ്റ് പദവി വഹിച്ചയാളാണെന്നാണ് അജിത് പവാർ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ ഇനി സ്വതന്ത്ര ചുമതലയുള്ളൊരു സഹമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതു ശരിയല്ലെന്നാണു ഞങ്ങൾ കരുതുന്നത്. കുറച്ചുദിവസം കൂടി കാത്തിരിക്കാൻ തയാറാണെന്ന് അവരെ(ബി.ജെ.പി) അറിയിച്ചിട്ടുണ്ട്. ഞങ്ങൾക്ക് കാബിനറ്റ് പദവി തന്നെ വേണം. അവർ അക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും പവാർ പറഞ്ഞു.

രാജ്‌നാഥ് സിങ്, അമിത് ഷാ, ജെ.പി നദ്ദ എന്നിവരുമായെല്ലാം കൂടിക്കാഴ്ച നടത്തിയ വിവരവും അദ്ദേഹം വെളിപ്പെടുത്തി. മഹാരാഷ്ട്രയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇതിൽ ചർച്ചയായിരുന്നു. ഇപ്പോൾ ലോക്‌സഭയിലും രാജ്യസഭയിലും ഓരോ എം.പിമാരാണ് ഞങ്ങൾക്കുള്ളത്. രണ്ടു മാസത്തിനുള്ളിൽ രാരജ്യസഭാ എം.പിമാർ മൂന്നാകും. അതോടെ നാല് പാർലമെന്റ് അംഗങ്ങളാകും ഞങ്ങൾക്ക്. അതുകൊണ്ട് ഒരു കാബിനറ്റ് പദവി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അജിത് പവാർ പറഞ്ഞു.

ഇക്കാര്യമെല്ലാം അംഗീകരിച്ച ശേഷമാണ് ഇപ്പോൾ സഹമന്ത്രിസ്ഥാനം നൽകിയിരിക്കുന്നതെന്നാണ് എൻ.സി.പി നേതാവ് പരാതി പറയുന്നത്. ഞങ്ങളുടെ ആവശ്യം ന്യായമാണെന്നു അവർ പറഞ്ഞിരുന്നതാണ്. എന്നാൽ, അതിനുശേഷമാണ് ശിവസേന ഷിൻഡെ വിഭാഗത്തിന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണു നൽകുന്നതെന്നും ഇതുതന്നെയായിരിക്കും ഞങ്ങൾക്കും തരികയെന്നും വിവരം ലഭിച്ചത്. എന്നാൽ, ഈ പദവി സ്വീകരിക്കുന്നത് പ്രഫുൽ പട്ടേലിനെ തരംതാഴ്ത്തലാകുമെന്നും അജിത് പവാർ ചൂണ്ടിക്കാട്ടി.

ഇതേ കാര്യം പ്രഫുൽ പട്ടേലും ആവർത്തിച്ചു. കഴിഞ്ഞ ദിവസമാണ് സഹമന്ത്രി സ്ഥാനമാണു ലഭിക്കുന്നതെന്ന വിവരം ലഭിച്ചത്. നേരത്തെ കേന്ദ്ര സർക്കാരിൽ കാബിനറ്റ് പദവിയാലിയിരുന്നു ഞാൻ. അതുകൊണ്ട് ഈ സ്ഥാനം തരംതാഴ്ത്തലാണെന്നും പട്ടേൽ കുറ്റപ്പെടുത്തി. കുറച്ചു ദിവസം കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവർ പരിഹാരമുണ്ടാക്കുമെന്നാണു പറഞ്ഞിട്ടുള്ളതെന്നും പ്രഫുൽ പട്ടേൽ വെളിപ്പെടുത്തി.

ഇത്തവണ എൻ.ഡി.എ ഏറ്റവും തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. 23ൽനിന്ന് ഒൻപത് സീറ്റിലേക്കു ചുരുങ്ങിയിരുന്നു ബി.ജെ.പി. ശിവസേന ഷിൻഡെ വിഭാഗത്തിന് ഏഴും അജിത് പവാർ എൻ.സി.പിക്ക് ഒരു സീറ്റുമാണു ലഭിച്ചത്.

Summary: 'Ready to wait,' says NCP as it turns down MoS berth, asks for cabinet post

TAGS :

Next Story