ഇസെഡ് പ്ലസ് സുരക്ഷ ചാരപ്രവർത്തനത്തിന്? ആശങ്ക രേഖപ്പെടുത്തി ശരത് പവാർ
എന്തിനാണ് തനിക്കു വേണ്ടി കേന്ദ്ര സർക്കാർ അതീവ സുരക്ഷ ഏർപ്പെടുത്തിയതെന്ന് അറിയില്ലെന്നാണ് പവാർ പ്രതികരിച്ചത്
ശരത് പവാര്‍
മുംബൈ: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇസെഡ് പ്ലസ് സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. ചാരപ്രവർത്തനത്തിനു വേണ്ടിയാണെന്നു സംശയിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ മഹാവികാസ് അഘാഡി സഖ്യത്തിന്റെ തന്ത്രങ്ങളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ചോർത്താൻ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് പവാർ ആരോപിക്കുന്നത്.
ബുധനാഴ്ചയാണ് രാജ്യത്തെ ഏറ്റവും വലിയ വി.ഐ.പി സുരക്ഷയായ ഇസെഡ് പ്ലസ്, ഇൻഡ്യ സഖ്യത്തിന്റെ മുൻനിര നേതാക്കളിലൊരാളായ ശരത് പവാറിന് ഒരുക്കുന്നത്. കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാതെയാണ് സുരക്ഷ ഒരുക്കിയതെന്നാണു വ്യക്തമാകുന്നത്. ഇത്തരമൊരു നീക്കത്തിനു പിന്നിലുള്ള കാരണത്തെ കുറിച്ച് അറിയില്ലെന്നാണ് പവാർ തന്നെ പ്രതികരിച്ചിട്ടുള്ളത്.
കേന്ദ്ര സർക്കാർ മൂന്നുപേർക്ക് ഇസെഡ് പ്ലസ് സുരക്ഷ അനുവദിക്കാൻ തീരുമാനിച്ച വിവരം ഒരു ആഭ്യന്തര മന്ത്രാലയം വൃത്തമാണ് തന്നെ അറിയിച്ചതെന്ന് ശരത് പവാർ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റു രണ്ടുപേർ ആരൊക്കെയാണെന്നു ചോദിച്ചപ്പോൾ ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന മറുപടിയാണു ലഭിച്ചത്. തെരഞ്ഞെടുപ്പുകൾ അടുത്തുതന്നെ വരാനിരിക്കെ ആധികാരികമായ വിവരങ്ങൾ സ്വന്തമാക്കാനുള്ള നീക്കമായിരിക്കാനിടയുണ്ടെന്ന് പവാർ ആരോപിച്ചു.
കേന്ദ്ര റിസർവ് പൊലീസ് ഫോഴ്‌സിൽ(സി.ആർ.പി.എഫ്) നിന്നുള്ള 55 സൈനികരാണ് പവാറിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കേന്ദ്ര ഏജൻസികൾ നടത്തിയ വിലയിരുത്തലിലാണ് പവാറിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതെന്നാണ് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. ഏജൻസികളുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ഇസെഡ് സുരക്ഷ നൽകുന്നത്.
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പവാറിന്റെ നേതൃത്വത്തിൽ എം.വി.എ സഖ്യം വൻ മുന്നേറ്റമാണ് മഹാരാഷ്ട്രയിൽ കാഴ്ചവച്ചത്. എൻ.സി.പിക്കു പുറമെ കോൺഗ്രസും ഉദ്ദവ് ശിവസേനയും ഉൾപ്പെടുന്ന സഖ്യം ആകെ 48 സീറ്റിൽ 30ഉം ജയിച്ചാണ് ബി.ജെ.പിയെയും എൻ.ഡി.എ സഖ്യത്തെയും ഞെട്ടിച്ചത്. ഇതേ വിജയസമവാക്യം തന്നെ ഈ വർഷം അവസാനത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സഖ്യം.
Summary: NCP chief Sharad Pawar wonders if his Z plus security an attempt to get 'authentic information'
Adjust Story Font
16