Quantcast

സർക്കാർ രൂപീകരണ നീക്കങ്ങൾ ശക്തമാക്കി എൻ.ഡി.എ; വിലപേശൽ തന്ത്രവുമായി ജെ.ഡി.യുവും ടി.ഡി.പിയും

വകുപ്പ് വിഭജനത്തിൽ ഘടകകക്ഷികൾ വിലപേശുന്നത് ബി.ജെ.പിക്ക് തലവേദനയായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    6 Jun 2024 3:01 AM GMT

Modi and Chandrababu Naidu
X

ന്യൂഡല്‍ഹി: സർക്കാർ രൂപീകരണ ശ്രമവുമായി എൻ.ഡി.എ മുന്നോട്ട്. മൂന്നാം മോദി സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അതേസമയം വകുപ്പ് വിഭജനത്തിൽ ഘടകകക്ഷികൾ വിലപേശുന്നത് ബി.ജെ.പിക്ക് തലവേദനയായിട്ടുണ്ട്. സ്പീക്കർ പദവിയും മൂന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനവുമാണ് ടി.ഡി.പിയുടെ ആവശ്യം. മൂന്ന് ക്യാബിനറ്റും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ്കുമാറിന്റെ ഡിമാൻഡ്.

ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നത്. മൂന്നു ക്യാബിനറ്റ് സ്ഥാനവും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ്കുമാറിന്റെ ഡിമാൻഡ്. 12 എം.പിമാരാണ് വിലപേശാനുള്ള ജെ.ഡി.യുവിന്റെ ആയുധം. 16 സീറ്റുള്ള ടി.ഡി.പി മൂന്ന് ക്യാബിനറ്റ് സ്ഥാനവും മൂന്നു സഹമന്ത്രി സ്ഥാനവും കൂടാതെ ലോക്സഭാ സ്പീക്കർ കസേര കൂടി ചോദിക്കുന്നുണ്ട്.

ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും പ്രതിപക്ഷം വളരെ ശക്തമാകുകയും ചെയ്ത സാഹചര്യത്തിൽ സ്പീക്കറുടെ തീരുമാനം ഏറെ നിർണായകമാണ്. അത് കൊണ്ട് വിശ്വസ്തനായ ബി.ജെ.പി എം.പിയെ സ്പീക്കർ ആക്കാനാണ് മോദിക്ക് താല്പര്യം. മത്സരിച്ച അഞ്ച് സീറ്റിലും ജയിച്ച എൽ.ജെ.പി , ഒരു കേന്ദ്രമന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപ്പെടുന്നു. ഏഴ് സീറ്റ് കൈമുതലുള്ള ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ, ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്‌ഥാനവും ആവശ്യപ്പെടുന്നു.

മൂന്നാം വട്ടം മോദി അധികാരത്തിൽ എത്തുകയാണെങ്കിലും ഘടക കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയുള്ള ഭരണമാകും ഏറെ വെല്ലുവിളി. ആഭ്യന്തരം, ധന വകുപ്പ് ഒഴികെയുള്ള വകുപ്പുകൾ നൽകാൻ ബി.ജെ.പി തയ്യാറായിക്കഴിഞ്ഞു. ഘടക കക്ഷികളുടെ വിലപേശൽ ശക്തി കുറയ്ക്കുന്നതിനായി, ഇൻഡ്യ മുന്നണിയിലെ കക്ഷികളെ വലവീശിപ്പിടിക്കാനും ബി.ജെ.പിക്ക് ആഗ്രഹമുണ്ട്. എന്നാൽ ദുർബലമായ ബി.ജെ.പിയെ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോൾ ഭയമില്ല എന്നതാണ് വാസ്തവം.

അതേസമയം തല്ക്കാലം പ്രതിപക്ഷത്ത് ഇരിക്കുകയും, എൻ.ഡി.എയിൽ അതൃപ്തി പുകഞ്ഞു തുടങ്ങുമ്പോൾ ഇടപെടുകയും ചെയ്യാം എന്നാണ് ഇൻഡ്യ സഖ്യം കണക്ക് കൂട്ടുന്നത്.

TAGS :

Next Story