11 അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; രാജ്യസഭയിൽ ഭൂരിപക്ഷം തിരിച്ചുപിടിക്കാൻ എൻ.ഡി.എ
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നാണ് വിജയിച്ചത്
ന്യൂഡൽഹി: 12 പേർ കൂടി പുതുതായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇരുമുന്നണികളുടെയും അംഗബലത്തിൽ മാറ്റം. കഴിഞ്ഞദിവസം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 11 പേരും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിലെ അംഗങ്ങളാണ്. ഇതിൽ ഒമ്പത് പേർ ബി.ജെ.പിയിൽനിന്നാണ്. ഒരാൾ മഹാരാഷ്ട്രയിലെ അജിത് പവാർ പക്ഷം എൻ.സി.പി അംഗവും മറ്റൊരാൾ ബിഹാറിലെ രാഷ്ട്രീയ ലോക് മഞ്ച് അംഗവുമാണ്. തെലങ്കാനയിൽനിന്ന് വിജയിച്ച മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‍വിയാണ് തെരഞ്ഞെടുക്കപ്പെട്ട ഏക കോൺഗ്രസ് അംഗം.
രാജ്യസഭയിൽ ആകെ 245 സീറ്റുകളാണുള്ളത്. നേരത്തേ എൻ.ഡി.എക്ക് 110 എം.പിമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. 11 പേർ കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ എൻ.ഡി.എയുടെ അംഗബലം 121 ആയി ഉയർന്നു. എട്ട് ഒഴിവുകൾ ഇനിയും നികത്താനുണ്ട്. ഇതിൽ ജമ്മു കശ്മീരിൽനിന്നുള്ള നാല് ഒഴിവുകളുണ്ട്. കൂടാതെ നാലെണ്ണം രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങൾക്കായി നിയോഗിക്കപ്പെട്ടവയാണ്. ഈ വിഭാഗത്തിൽ നാലുപേരെ കൂടി കേന്ദ്ര സർക്കാർ തെരഞ്ഞെടുക്കുന്നതോടെ എൻ.ഡി.എയുടെ അംഗബലം 125 ആയി ഉയരും. ഇതോടെ രാജ്യസഭയിൽ എൻ.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.
കഴിഞ്ഞദിവസം തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സ്ഥാനാർഥികളിൽ മലയാളിയും കേന്ദ്ര മന്ത്രിയുമായ ജോർജ് കുര്യനും രൺവീത് സിങ് ബിട്ടുവുമുണ്ട്. ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നും രൺവീത് സിങ് ബിട്ടു രാജസ്ഥാനിൽനിന്നുമാണ് വിജയിച്ചത്. ഇരുവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ എം.പിമാരായിരുന്നില്ല. സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിനകം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കണമെന്നാണ് നിയമം.
ഒമ്പതുപേർ കൂടി പുതുതായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 96 ആയി ഉയർന്നു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 27ഉം തൃണമൂൽ കോൺഗ്രസിന് 13ഉം ആം ആദ്മിക്കും ഡി.എം.കെക്കും 10 അംഗങ്ങൾ വീതവുമാണുള്ളത്. ആർ.ജെ.ഡിക്ക് അഞ്ച് സീറ്റുമുണ്ട്.
നിലവിൽ ഇൻഡ്യാ സഖ്യത്തിന് ആകെ 88 എം.പിമാരാണ് രാജ്യസഭയിലുള്ളത്. ഇത് കൂടാതെ ഒഡിഷയിലെ ബി.ജെ.ഡിയുടെ എട്ട് അംഗങ്ങളും പ്രതിപക്ഷത്തിന്റെ കൂടെയാണ്. 11 അംഗങ്ങളുള്ള വൈ.എസ്.ആർ കോൺഗ്രസ്, നാല് അംഗങ്ങൾ വീതമുള്ള എ.ഐ.എ.ഡി.എം.കെ, ബി.ആർ.എസ് എന്നിവർ ഇരു മുന്നണിയുടെയും ഭാഗമല്ല. അതേസമയം, ഇവർ എൻ.ഡി.എക്കാണ് പിന്തുണ നൽകാറ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പാർലമെന്റിലെ ഉപരിസഭയായ രാജ്യസഭയിലും ബി.ജെ.പിയുടെ അംഗബലം കുറഞ്ഞത്. വർഷങ്ങൾക്ക് ശേഷമാണ് രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗബലം 90-ൽ താഴെ എത്തിയത്. ബി.ജെ.പി അംഗങ്ങളായ സോണാൽ മാൻസിങ്, മഹേഷ് ജഠ്മലാനി, രാകേഷ് സിൻഹ, രാം ഷക്കൽ എന്നിവരുടെ കാലാവധി ജൂലൈ 13-ന് അവസാനിച്ചതോടെ പാർട്ടിയുടെ അംഗബലം 86 ആയി. ഇതോടെ എൻ.ഡി.എയുടെ സീറ്റെണ്ണം 101 ആയി ചുരുങ്ങിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാജ്യസഭാ അംഗങ്ങളായിരുന്ന ബി.ജെ.പി നേതാക്കൾ കൂട്ടത്തോടെ തോറ്റുപോയതാണ് തിരിച്ചടിയായത്. മലയാളികളായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ തോറ്റുപോയ രാജ്യസഭാ അംഗങ്ങളായ മന്ത്രിമാരായിരുന്നു. സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചെങ്കിലും രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതോടെ ആ നഷ്ടം നികത്താൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ബി.ജെ.പി.
Adjust Story Font
16