Quantcast

അമൃത്പാൽ സിങിനെ മോചിപ്പിക്കുന്നതിനാവശ്യമായ നിയമ നടപടികൾ സ്വീകരിക്കും: രാജ്ദിയോ സിങ് ഖൽസ

ഖാദൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച സിങ് 1, 97,120 വോട്ടുകൾക്ക് കോൺഗ്രസിലെ കുൽബീർ സിങിനെയാണ് പരാജയപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    5 Jun 2024 4:06 PM GMT

Necessary legal steps will be taken to release Amritpal Singh: Rajdeo Singh Khalsa,latestneews
X

അമൃത്‍പാല്‍ സിങ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ച് വിജയിച്ച ഖാലിസ്ഥാൻ നേതാവും വാരിസ് പഞ്ചാബ് ദേ പാർട്ടി അധ്യക്ഷനുമായ അമൃത്പാൽ സിങിനെ മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ രാജ്ദിയോ സിങ് ഖൽസ പറഞ്ഞു. 'സിഖ് സമൂഹം അദ്ദേഹത്തിന് വോട്ട് ചെയ്തത് അവർ അദ്ദേഹത്തിൽ നേതൃത്വഗുണം കണ്ടതുകൊണ്ടാണ്, അവരുടെ ശബ്ദമാകാൻ അദ്ദേഹത്തിന് കഴിയുമെന്ന വിശ്വാസം അവർക്കുണ്ട്' ഖൽസ പറഞ്ഞു.

'മയക്കുമരുന്ന് വിമുക്ത പഞ്ചാബിനായി അമൃത്പാൽ സിങ് അമൃത് സഞ്ചാര് ആരംഭിച്ചിരുന്നു, അത് നല്ല രീതിയിൽ പ്രവർത്തിച്ചുവരുമ്പോൾ എഎപി സർക്കാർ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി കള്ളക്കേസുകൾ ചുമത്തി അദ്ദേഹത്തെ ജയിലിൽ അടയ്ക്കുകയുമായിരുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.

ഖാദൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച സിങ് 1, 97,120 വോട്ടുകൾക്ക് കോൺഗ്രസിലെ കുൽബീർ സിങിനെയാണ് പരാജയപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചതും അമൃത്പാൽ സിങ്ങിനാണ്. സിങിനെ ഭാര്യ കിരൺദീപ് കൗറുമൊത്ത് 2023 ഏപ്രിൽ മുതൽ ജയിലിൽ കഴിയുന്ന സിങിനെ സന്ദർസിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023 ഫെബ്രുവരിയിൽ തന്റെ അനുയായികളിലൊരാളുടെ അറസ്റ്റിനെത്തുടർന്ന് പഞ്ചാബിലെ ഒരു പോലീസ് സ്റ്റേഷൻ വൻ ജനക്കൂട്ടത്തിന്റെ പിന്തുണയോടെ ആക്രമിച്ചതിനു പിന്നാലെയാണ് അമൃത്പാൽ സിങ് ദേശീയശ്രദ്ധയാകർഷിക്കുന്നത്. ഇതിനു പിന്നാലെ പഞ്ചാബിലെ ഖലിസ്ഥാൻ വാദികൾക്കെതിരേ കേന്ദ്ര സർക്കാർ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയെ ഉപയോഗിച്ച് ശക്തമായ നടപടികൾ സ്വീകരിച്ചു.

ഇതോടെ ഒളിവിൽ പോയ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ രാജ്യവ്യാപകമായ വൻ തിരച്ചിലാണ് എൻഐഎ നടത്തിയത്. അമൃത്പാലിന്റെ അനുയായികളെന്നു സംശയിക്കുന്ന മുന്നൂറിലേറെ യുവാക്കളെ പഞ്ചാബിൽനിന്ന് എൻഐഎ അനധികൃതമായി കസ്റ്റഡിയിലെടുത്തത് ദേശവ്യാപക പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു. ഒടുവിൽ, കഴിഞ്ഞ വർഷം മാർച്ചിൽ അസമിൽനിന്നാണ് അമൃത്പാലിനെ എൻഐഎ പിടികൂടിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായോ, വോട്ട് രേഖപ്പെടുത്താനോ പോലും അമൃത്പാലിന് അനുമതിയില്ലായിരുന്നു. അമൃത്പാലിന്റെ പിതാവ് തർസേം സിങ്ങാണ് മണ്ഡലത്തിലുടനീളം പ്രചാരണം നയിച്ചത്. യുവാക്കളുടെ വൻസംഘം അടങ്ങുന്ന അമൃത്പാലിന്റെ അനുയായി വൃന്ദങ്ങളും പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നത്.



TAGS :

Next Story