നീറ്റ് പരീക്ഷാ ക്രമക്കേട്: രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു
നീറ്റ് പുന:പരീക്ഷയെഴുതാതെ പകുതിയിലേറെ പേർ
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. ഇതിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് എന്‍ടിഎ അറിയിച്ചു. ബീഹാറിൽ നിന്നുള്ള 17 വിദ്യാർഥികൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. പരീക്ഷാ ക്രമക്കേട് നടന്നെന്ന ആരോപണം നേരിട്ട രണ്ട് പ്രധാന സംസ്ഥാനങ്ങളാണ് ഇവ രണ്ടും.
അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന സിബിഐ അന്വേഷണ സംഘത്തിന് നേരെ ആക്രമണമുണ്ടായി. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ആക്രമണം നടത്തിയ 6 പേർ അറസ്റ്റിലായി.
അതിനിടെ പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ഇന്ന് നടന്ന നീറ്റ് പുന:പരീക്ഷയെഴുതാതെ 750 വിദ്യാർഥികൾ. 1,563 വിദ്യാർത്ഥികളിൽ 813 പേർ മാത്രമാണ് പരീക്ഷയെഴുതാനെത്തിയത്. 52 ശതമാനമാണ് ഹാജർ നിലയെന്ന് വൈകുന്നേരം എൻ.ടി.എ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
സുപ്രിം കോടതി ഉത്തരവിനെത്തുടർന്നാണ് നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഇന്ന് പരീക്ഷ നടന്നത്.
മെയ് 5 ന് നടന്ന പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 ഉദ്യോഗാർഥികളുടെ ഫലം റദ്ദാക്കിയിരുന്നു. അവർക്ക് വേണ്ടിയാണ് ഇന്ന് പരീക്ഷ നടത്തിയത്. ജൂൺ 30 ന് ഫലം പ്രഖ്യാപിക്കും. അതെസമയം ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും വിവാദമായതിന് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി തലവൻ സുബോദ് കുമാർ സിങ്ങിനെ പദവിയിൽ നിന്ന് നീക്കി. പ്രദീപ് സിങ് കരോളക്ക് എൻ.ടി.എ ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്.
Adjust Story Font
16