നീറ്റ് യുജി പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ
ടെലഗ്രാമിലുടെ പ്രചരിച്ച ചോദ്യപേപ്പർ ചോർന്നതായുള്ള വീഡിയോ വ്യാജമെന്ന് എന്‍ടിഎ വ്യക്തമാക്കി
ഡല്‍ഹി: നീറ്റ് യുജി പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ . ടെലഗ്രാമിലുടെ പ്രചരിച്ച ചോദ്യപേപ്പർ ചോർന്നതായുള്ള വീഡിയോ വ്യാജമെന്ന് എന്‍ടിഎ വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രസർക്കാരും എന്‍ടിഎ യും സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ഇന്നാണ് കേസിൽ സുപ്രിം കോടതി വിശദമായ വാദം കേൾക്കുക.
നീറ്റ് യുജി പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്രസർക്കാർ. ഐഐടി മദ്രാസിൻ്റെ ഡാറ്റാ അനലിറ്റിക്‌സ് ഉദ്യോഗസ്ഥരുടെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ചിലയിടങ്ങളിൽ മാത്രമാണ് ക്രമക്കേട് നടന്നത്. അത് വലിയ രീതിയിൽ പരീക്ഷയെ ബാധിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഉയർന്ന മാർക്ക് ലഭിച്ചവർ കൂടുതലുള്ളത് സിക്കാർ, കോട്ട, കോട്ടയം എന്നിവിടങ്ങളിലാണ്.
ഈ സ്ഥലങ്ങളിൽ നിരവധി കോച്ചിംഗ് ക്ലാസുകൾ ഉള്ളതാകാം കാരണമെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. എന്‍ടിഎയും സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ചോദ്യപേപ്പർ ചോർന്നതായുള്ള വീഡിയോ വ്യാജമാണ്. ചോദ്യപേപ്പർ ചോർന്നുവെന്ന് പറയുന്ന ടെലഗ്രാം ചാനലിലെ അംഗങ്ങളും വ്യാജമെന്നും എൻടിഎ ചൂണ്ടിക്കാട്ടുന്നു. നീറ്റ്-യുജി കൗൺസലിംഗ് ജൂലൈ മൂന്നാം വാരം മുതൽ ആരംഭിക്കുമെമെന്നും പുനഃപരീക്ഷ വേണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം ക്രമക്കേടുകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ കേന്ദ്രം രൂപീകരിച്ച വിദഗ്ധസമിതിയിൽ രണ്ടുപേരെകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് സുപ്രിം കോടതി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
Adjust Story Font
16