'നെഗറ്റീവ് ചിന്തകൾക്ക് രാജ്യത്ത് ഇടമില്ല, ജനാധിപത്യവാദികളാകുക'; പ്രതിപക്ഷത്തെ ഉപദേശിച്ച് യോഗി
തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരാമർശം
രാജ്യത്ത് നെഗറ്റീവ് ചിന്തകൾക്ക് ഇടമില്ലെന്നും പോസിറ്റീവിറ്റി കൈമാറുന്നവരെയും പുരോഗമന ചിന്തകൾ പ്രചരിപ്പിക്കുന്നവരെയുമാണ് ജനങ്ങൾ സ്വീകരിക്കുകയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിനാൽ സർക്കാറിനെനൊപ്പം പ്രവർത്തിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിയിൽ രണ്ടാം വട്ടം അധികാരത്തിലെത്തിയ ശേഷം നിയമസയിൽ സംസാരിക്കവേയാണ് യോഗി പ്രതിപക്ഷത്തെ ഉപദേശിച്ചത്. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരാമർശം.
'തങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രഭ ചൊരിഞ്ഞ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഇരുന്ന സഭയാണിത്. ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകുന്ന പുതിയ യുപിയെ സൃഷ്ടിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ജനാധിപത്യത്തിന് ശക്തിപകരുന്നവരാണ്. ജനാഭിലാഷം നിറവേറ്റാനുള്ള വഴിയും അതാണ്. സഭാംഗങ്ങളെന്ന നിലയിൽ അവരുടെ വിശ്വാസം നാം കാക്കണം' യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
സ്ത്രീകൾ, പാവങ്ങൾ, കർഷകർ എന്നിവർക്കാണ് സർക്കാറിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ലജിസ്ലേറ്റീവ് കൗൺസിൽ അംഗമായി മുഖ്യമന്ത്രിയായ യോഗി ഇക്കുറി മത്സരിച്ചു ജയിച്ചാണ് സർക്കാറിനെ നയിക്കുന്നത്. അതേസമയം, ജയിലിലുള്ള, രാം പൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച സമാജ് വാദി പാർട്ടി പ്രതിനിധിയായ അസംഖാന് സത്യപ്രതിജ്ഞ ചെയ്യാൻ ചൊവ്വാഴ്ച അനുമതി നൽകിയില്ല. മറ്റുള്ളവരെല്ലാം സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
യോഗി 2.0 മന്ത്രിസഭ, വകുപ്പുകൾ
കഴിഞ്ഞ ആഴ്ച ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകനാ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന വൻ ചടങ്ങിലാണ് യോഗി അധികാരമേറ്റത്. 52 പേർ മന്ത്രിമാരായി ചുമതലയേറ്റിട്ടുണ്ട്. ബ്രജീഷ് പഥകും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേശവ് പ്രസാദ് മൗര്യയും ഉപമുഖ്യമന്ത്രിമാരാണ്. ആഭ്യന്തരം, വിജിലൻസ്, പൊതുഭരണം തുടങ്ങിയ 34 വകുപ്പുകൾ യോഗി ആദിത്യനാഥ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മുമ്പ് നന്ദ ഗോപാൽ നന്ദിയുടെ കൈവശമുണ്ടായിരുന്ന സിവിൽ ഏവിയേഷനും മുഖ്യമന്ത്രി കൈകാര്യം ചെയ്യും.
ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യക്ക് ആറ് വകുപ്പുകളാണ് നൽകിയത്. ഗ്രാമവികസനം, റൂറൽ എഞ്ചിനീയറിങ്, ഭക്ഷ്യസംസ്‌കരണം, വിനോദ നികുതി, പബ്ലിക് എന്റർപ്രൈസസ്, ദേശീയോദ്ഗ്രഥനം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുക. മറ്റൊരു ഉപമുഖ്യമന്ത്രിയായ ബ്രജേഷ് പഥകിന് മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം എന്നീ വകുപ്പുകളാണ് നൽകിയത്. കഴിഞ്ഞ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന സുരേഷ് ഖന്നക്ക് തന്നെയാണ് ധനകാര്യവകുപ്പ് നൽകിയിരിക്കുന്നത്. ബേബി റാണി മൗര്യയാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി.
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങിനാണ് ജൽ ശക്തി വകുപ്പിന്റെ ചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിക്കുന്ന നമാമി ഗംഗ പദ്ധതിയുടെ ചുമതലയും ഇദ്ദേഹത്തിനാണ്.കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജിതിൻ പ്രസാദയാണ് പുതിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി. കൃഷി, കാർഷിക വിദ്യാഭ്യാസം, ഗവേഷണം എന്നീ വകുപ്പുകളുടെ ചുമതല സൂര്യ പ്രതാപ് ഷാഹിക്കാണ്.മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അസിം അരുൺ, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കല്യാൺ സിങ്ങിന്റെ പൗത്രൻ സന്ദീപ് സിങ്, ദയാ ശങ്കർ എന്നിവർ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരാണ്. യഥാക്രമം സാമൂഹ്യക്ഷേമം, പ്രാഥമിക വിദ്യാഭ്യാസം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് ഇവർക്ക് നൽകിയിട്ടുള്ളത്.
പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ അരവിന്ദ് കുമാർ ശർമ നഗരവികസനം, ഊർജം അടക്കം അഞ്ച് വകുപ്പുകളുടെ ചുമതല വഹിക്കും. സഖ്യകക്ഷികളായ നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദിന് ഫിഷറീസ് വകുപ്പും അപ്നാദൾ നേതാവ് ആശിഷ് പട്ടേലിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമാണ് നൽകിയിരിക്കുന്നത്.യോഗി മന്ത്രിസഭയിലെ ഏക മുസ്ലിമായ ഡാനിഷ് ആസാദ് അൻസാരിക്ക് ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിട്ടുള്ളത്.
'Negative thoughts have no place in the country, become democrats'; Yogi advising the opposition
Adjust Story Font
16