Quantcast

വിവാദം അപക്വം, വരാനിരിക്കുന്ന പോസ്റ്ററുകളിൽ നെഹ്റുവും ഉൾപ്പെടും; ന്യായീകരണവുമായി ഐ.സി.എച്ച്​.ആർ

ഐ.സി.എച്ച്​.ആറിന്‍റെ ന്യായീകരണം പരിഹാസ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

MediaOne Logo

Web Desk

  • Updated:

    2021-08-29 09:50:28.0

Published:

29 Aug 2021 9:24 AM GMT

വിവാദം അപക്വം, വരാനിരിക്കുന്ന പോസ്റ്ററുകളിൽ നെഹ്റുവും ഉൾപ്പെടും; ന്യായീകരണവുമായി ഐ.സി.എച്ച്​.ആർ
X

'ആസാദി കാ അമൃത്​ മഹോത്സവ്' പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ സംഭവത്തിൽ ന്യായീകരണവുമായി ഇന്ത്യൻ കൗൺസിൽ ഓഫ്​ ഹിസ്​റ്റോറിക്കൽ റിസർച്​ (ഐ.സി.എച്ച്​.ആർ). വരാനിരിക്കുന്ന പോസ്റ്ററുകളിൽ നെഹ്റുവും ഉൾപ്പെടുമെന്നാണ് ഐ.സി.എച്ച്​.ആറിന്‍റെ വിശദീകരണം. ഇപ്പോഴത്തെ വിവാദം അപക്വമാണെന്നും ഐ.സി.എച്ച്​.ആർ ഡയറക്ടർ ഓംജീ ഉപാധ്യായ് പറഞ്ഞു.

'ആസാദി കാ അമൃത്​ മഹോത്സവിന്‍റെ ആദ്യ പോസ്റ്റർ മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയത്. നിരവധി പോസ്റ്ററുകൾ ഇനി വരാനുണ്ട്. അവ തയാറായിക്കൊണ്ടിരിക്കുകയാണ്. ആദ്യത്തെ പോസ്റ്റർ മാത്രം കണ്ട് വിമർശനം ഉന്നയിക്കുന്നത് അപക്വമാണ്. വരുംദിവസങ്ങളിലെ പോസ്റ്ററിൽ ജവഹർലാൽ നെഹ്റുവും ഉണ്ടാകും,' ഓംജീ ഉപാധ്യായ് വ്യക്തമാക്കി.

സ്വാതന്ത്ര്യ സമരത്തിലെ ആരുടെയെങ്കിലും പങ്കിനെ ഇകഴ്ത്തിക്കാണിക്കാൻ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. ഇപ്പോൾ വിമർശനം നേരിടുന്ന പോസ്റ്റർ സ്വാതന്ത്ര്യ സമരത്തിന്‍റെ ഒരു ഭാഗത്തെ മാത്രം കാണിക്കുന്നതാണ്. ചരിത്രപുസ്തകത്തിൽ ഇടംനേടിയിട്ടില്ലാത്ത സ്വാതന്ത്ര പോരാളികളെ ഉയർത്തിക്കാട്ടുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യമെന്നും ഐ.സി.എച്ച്​.ആർ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഐ.സി.എച്ച്​.ആറിന്‍റെ ന്യായീകരണം പരിഹാസ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പ്രതികരിച്ചു. ഐ.സി.എച്ച്​.ആറിന്‍റെ മെമ്പർ സെക്രട്ടറി വിദ്വേഷത്തിനും മുൻവിധികൾക്കും വഴങ്ങി കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അങ്ങനെയാണെങ്കിൽ ​അദ്ദേഹം വായടച്ചുവെക്കുന്നതാണ്​ നല്ലതെന്നും ചിദംബരം പറഞ്ഞു. മോ​ട്ടോർ കാറിന്‍റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ ഹെൻ‌റി ഫോർഡിനെ ഒഴിവാക്കുമോ എന്നും ​വ്യോമയാന ജനനം ആഘോഷിക്കുമ്പോള്‍ റൈറ്റ്​ സഹോദരൻമാരെ ഒഴിവാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ആസാദി കാ അമൃത്​ മഹോത്സവ് പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററിൽ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കുകയും പ്രധാനപ്പെട്ട എട്ടു നേതാക്കളിൽ മഹാത്മാഗാന്ധി, ബി.ആർ. അംബേദ്​കർ എന്നിവർക്കൊപ്പം ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ താത്വികാചാര്യൻ വി.ഡി. സവർക്കറെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വ്യപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

TAGS :

Next Story