സിദ്ദുവിന്‍റെ രാജിക്ക് കാരണമെന്ത്? ഉപദേശിയുടെ മറുപടിയിങ്ങനെ...
'സിദ്ദുവിന്‍റെ പോരാട്ടം തത്വങ്ങളില്‍ അധിഷ്ഠിതമാണ്'
മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലര്‍ത്തണമെന്ന് നവജ്യോത് സിങ് സിദ്ദുവിന്‍റെ ഉപദേശകന്‍ സുരീന്ദര്‍ ഡല്ല. സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ഉപദേശകന്‍റെ പ്രതികരണം.
ഛന്നി മന്ത്രിസഭയിലെ അംഗങ്ങളെ ചൊല്ലിയാണ് സിദ്ദുവിന്‍റെ അതൃപ്തി. ഇക്കാര്യമാണ് ഉപദേശകന്‍ പരോക്ഷമായി സമ്മതിക്കുന്നത്. സിദ്ദുവിന്‍റെ പോരാട്ടം തത്വങ്ങളില്‍ അധിഷ്ഠിതമാണ്. ഏതൊരു രാഷ്ട്രീയ പാർട്ടിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും മുന്‍ഗണന നല്‍കുക സ്വന്തം സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങള്‍ക്കാണെന്ന് മനസ്സിലാക്കണം. സിദ്ദു പാര്‍ട്ടി മാറ്റത്തിന് ഒരുങ്ങുകയാണെന്ന അമരീന്ദര്‍ സിങിന്‍റെ ആരോപണവും ഡല്ല തള്ളി. മുൻ മുഖ്യമന്ത്രി 'ആശയക്കുഴപ്പത്തിലായിരിക്കും' എന്നാണ് മറുപടി.
എസ് എസ് രൺധാവയെ മന്ത്രിയാക്കുന്നതിനെ സിദ്ദു എതിർത്തോ എന്ന ചോദ്യത്തിന് ആര് മന്ത്രിയാവുന്നു, ഏത് വകുപ്പ് എന്നല്ല പ്രശ്നമെന്ന് ഉപദേശകന്‍ പറഞ്ഞു. ധാരണയിലെത്തിയ കാര്യങ്ങളില്‍ പുരോഗതിയുണ്ടോ എന്നതാണ് പ്രശ്നം. പുതിയ സർക്കാർ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു ടീമിനെ സജ്ജമാക്കുന്നുണ്ടോ എന്നതാണ് ചോദ്യമെന്നും ഡല്ല പറഞ്ഞു.
അമരീന്ദർ സിങുമായി സിദ്ദുവിന് വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ഡല്ല അവകാശപ്പെട്ടു. പാർട്ടിയും സർക്കാരും ഒരേ പാതയില്‍ മുന്നോട്ടുപോകണം. പുതിയ സർക്കാർ ആദ്യ ദിവസം മുതൽ ആ പാത പിന്തുടരുന്നില്ലെങ്കിൽ ആളുകള്‍ക്ക് ദേഷ്യം വരും. അതാണ് സംഭവിച്ചത്. സിദ്ദു രാജി പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ തനിക്കൊന്നും പറയാനാവില്ലെന്ന് ഡല്ല വ്യക്തമാക്കി. പാർട്ടി ലൈനിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ജനങ്ങളോട് എന്തുപറയുമെന്നും ഡല്ല ചോദിക്കുന്നു.
പാര്‍ട്ടിയില്‍ തുടരുമെന്നും പഞ്ചാബിന്റെ ഭാവിയില്‍ വിട്ടുവീഴ്ചക്കില്ലെന്നും വ്യക്തമാക്കിയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമവായ ഫോര്‍മുലയുടെ ഭാഗമായാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് പി.സി.സി അധ്യക്ഷനാക്കിയത്. 72 ദിവസമാണ് സിദ്ദു പ്രസിഡന്റ് പദവിയിലിരുന്നത്. പുതിയ ഫോര്‍മുലയിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പുതിയ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിദ്ദുവിന്‍റെ അടുത്ത അനുയായി ആണെങ്കിലും മന്ത്രിമാരെ ചൊല്ലി സിദ്ദുവിന് അതൃപ്തിയുണ്ടായിരുന്നു.
Adjust Story Font
16