Quantcast

'ഹാജരായില്ലെങ്കിൽ നടപടി നേരിടേണ്ടിവരും'; മലേഗാവ് സ്‌ഫോടനക്കേസിൽ പ്രഗ്യാ സിങ് താക്കൂറിന് എൻ.ഐ.എ കോടതിയുടെ മുന്നറിയിപ്പ്

പല കാരണങ്ങൾ പറഞ്ഞ് പ്രതികൾ നിരവധി തവണ മൊഴിനൽകാൻ എത്തിയിട്ടില്ലെന്നും ആരോഗ്യ പ്രശ്‌നമുണ്ടെങ്കിൽ മുംബൈയിൽ ചികിത്സ തേടാമെന്നും കോടതി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2024-02-27 07:09:10.0

Published:

27 Feb 2024 6:34 AM GMT

പ്രഗ്യാ സിങ് താക്കൂര്‍
X

പ്രഗ്യാ സിങ് താക്കൂര്‍

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂറിന് കോടതിയുടെ അന്ത്യശാസനം. കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരായില്ലെങ്കിൽ തുടർനടപടികൾ നേരിടേണ്ടവരുമെന്ന് മുംബേയിലെ പ്രത്യേക എൻ.ഐ.എ കോടതി മുന്നറിയിപ്പ് നൽകി. ഇന്ന് കോടതിയിലെത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സ്‌പെഷൽ ജഡ്ജി എ.കെ ലഹോത്തിയുടേതാണ് ഉത്തരവ്. ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഇളവ് അനുവദിക്കണമെന്ന്് ആവശ്യപ്പെട്ട് പ്രഗ്യാ സിങ് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ബി.ജെ.പി എം.പിക്കു പുറമെ ആറുപേർ യു.എ.പി.എ ചുമത്തപ്പെട്ട് വിചാരണ നേരിടുന്നുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിവരികയാണ് എൻ.ഐ.എ കോടതി.

പ്രഗ്യാ സിങ് ഉൾപ്പെടെയുള്ള പ്രതികൾ നിരന്തരമായി കോടതിയിൽ ഹാജരാകുന്നില്ലെന്ന് ജസ്റ്റിസ് ലഹോത്തി ചൂണ്ടിക്കാട്ടി. പല കാരണങ്ങൾ നിരത്തി പലതവണ ഇളവ് ആവശ്യപ്പെട്ടപ്പോഴെല്ലാം കോടതി പരിഗണിച്ചിട്ടുണ്ട്. പലരും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്നാണു കാരണമായി പറയുന്നത്. അവസാന നിമിഷം ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് കോടതിയിലെത്താനാകില്ലെന്നുമാണു പറയാറ്. ആ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തവണ എല്ലാവർക്കും നേരത്തെ തന്നെ ദിവസം നിശ്ചയിച്ചുനൽകിയത്. ഈ കാരണം ഇനിയും പരിഗണിക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

ആവശ്യപ്പെട്ട ദിവസങ്ങളിൽ ചികിത്സയിലാണെന്നാണ് പ്രഗ്യാ സിങ് ഹരജയിൽ വാദിച്ചത്. എന്നാൽ, ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഫെബ്രുവരി 27 മുതൽ ഒരു വീഴ്ചയും കൂടാതെ കോടതിലെത്തണം. ഇല്ലെങ്കിൽ വേണ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എല്ലാ പ്രതികളും മൊഴി പൂർണമായി രേഖപ്പെടുത്തിക്കഴിയുന്നതു വരെ മുംബൈയിലുണ്ടാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ മുംബൈയിൽ ചികിത്സ തേടാമെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.

2008 സെപ്റ്റംബർ 29നാണ് ഉത്തര മഹാരാഷ്ട്രയിലെ മലേഗാവിലെ മുസ്‌ലിം പള്ളിയിൽ രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. പള്ളിയുടെ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്‌ഫോടക വസ്തുക്കൾ നിറച്ച മോട്ടോർസൈക്കിൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തു.

പ്രഗ്യാ സിങ്ങിനു പുറമെ ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ, സമീർ കുൽക്കർണി, സുധാകർ ദ്വിവേധി, സുധാകർ ചതുർവേദി, അജയ് രഹിർകാർ എന്നിവർ സംഭവത്തിൽ അറസ്റ്റിലായി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘം(എ.ടി.എസ്) അന്വേഷിച്ച കേസ് 2011ൽ എൻ.ഐ.എയ്ക്കു കൈമാറുകയായിരുന്നു. കേസിൽ മറ്റു പ്രതികൾക്കൊപ്പം ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രഗ്യാ സിങ് താക്കൂർ മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ പാർലമെന്റിലെത്തുകയും ചെയ്തു.

Summary: ''Appear in court or face action'': Special NIA court warns BJP MP Pragya Singh Thakur In 2008 Malegaon case

TAGS :

Next Story