നിധി റസ്ദാൻ വീണ്ടും എൻ.ഡി.ടി.വിയിൽ; പുതിയ ഷോ അടുത്തയാഴ്ച മുതൽ
താൻ മാത്രമല്ല, മാധ്യമമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി വനിതകൾ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്ന് നിധി വ്യക്തമാക്കിയിരുന്നു
ഓൺലൈൻ തൊഴിൽ തട്ടിപ്പിനിരയായി ചാനൽ വിട്ട നിധി റസ്ദാൻ വീണ്ടും എൻ.ഡി.ടി.വിയിൽ. നിധി അവതരിപ്പിക്കുന്ന 'നോ സ്പിൻ' എന്ന പ്രൈം ടൈം ഷോയുടെ പ്രമോ വീഡിയോ എൻ.ഡി.ടി.വി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ചാനലിൽ തിരിച്ചെത്തുന്നതിലുള്ള സന്തോഷം ട്വീറ്റിലൂടെ അവർ പങ്കുവെക്കുകയും ചെയ്തു.
അമേരിക്കയിലെ ഹാവാർഡ് യൂണിവേഴ്‌സിറ്റിയിൽ അധ്യാപികയായി ചേരുന്നതിനു വേണ്ടി 2020 ജൂൺ 13-നാണ് നിധി റസ്ദാൻ രാജിവെച്ചത്. എന്നാൽ, ഹാവാർഡ് അധികൃതർ ജോലി വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് വ്യക്തമായതോടെ നിധി ഓൺലൈൻ തട്ടിപ്പിന് ഇരയാവുകയായിരുന്നു എന്നു വ്യക്തമായി. ഹാവാർഡിന്റേതിനു സമാനമായ വെബ് പേജും മെയിൽ അഡ്രസും വ്യാജമായുണ്ടാക്കി സമർത്ഥമായി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും തന്റെ സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ ചോർത്തപ്പെട്ടതായും നിധി പിന്നീട് വെളിപ്പെടുത്തി.
താൻ കബളിപ്പിക്കപ്പെട്ടതു സംബന്ധിച്ച് നിധി റസ്ദാൻ പലതവണ പരസ്യ പ്രതികരണം നടത്തിയിരുന്നു. 'എന്റെ ഹാവാർഡ് പേക്കിനാവ്; അവസാനം, ഒരന്ത്യം' എന്ന തലക്കെട്ടിൽ എൻ.ഡി.ടി.വി വെബ്‌സൈറ്റിൽ തന്നെ അവർ ലേഖനമെഴുതി. താൻ മാത്രമല്ല, മാധ്യമമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി വനിതകൾ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്ന് അവർ ലേഖനത്തിൽ പറയുന്നു.
ദേശീയ വാർത്താ ഏജൻസിയായ പി.ടി.ഐയുടെ മുൻ എഡിറ്റർ ഇൻ ചീഫ് മഹാരാജ് കൃഷൻ റസ്ദാന്റെ മകളായ നിധി ഡൽഹി ഐ.എം.എം.സിയിൽ നിന്ന് 2005-ലാണ് ടി.വി-റേഡിയോ മാധ്യമപഠനത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എടുത്തത്. 1999-ൽ എൻ.ഡി.ടി.വിയിൽ ചേർന്ന അവർ 2020 വരെ അവിടെ തുടർന്നു. രാംനാഥ് ഗോയങ്ക അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
(Nidhi Razdhan, who resigned after a fake job offer from Harvard, back in NDTV with a 9.30 show)
Adjust Story Font
16