ഓരോ കിലോക്കും 1000 കോടി വീതം മണ്ഡലത്തിന് തരാമെന്ന് കേന്ദ്രമന്ത്രി; വ്യായാമം ചെയ്ത് തടി കുറച്ച് ബിജെപി എം.പി
ഇപ്പോൾ 6000 കോടിയാണ് മണ്ഡലത്തിന് ലഭിച്ചിരിക്കുന്നതെന്നും മന്ത്രിയെ കണ്ട് വാഗ്ദാനപ്രകാരം ഇനിയും ഫണ്ട് ആവശ്യപ്പെടുമെന്നും ഫിറോജിയ
മണ്ഡലത്തിന്റെ വികസനത്തിനായി പണം ചോദിച്ച എംപിയോട് വ്യായാമം ചെയ്ത് തടി കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി. ഇതുകേട്ടതോടെ വ്യായാമം തുടങ്ങി എം.പി. മധ്യപ്രദേശിൽ നിന്നാണ് ഈ വാർത്ത. മണ്ഡല വികസനത്തിനായി പണം ചോദിച്ച ഉജ്ജയ്ൻ എംപി അനിൽ ഫിറോജിയയോട് തടി കുറച്ചാൽ ഫണ്ട് താരമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത്. ഈ വർഷം ഫെബ്രുവരിയിൽ ഗഡ്കരി മൽവാ പ്രദേശത്ത് 5772 കോടിയുടെ 11 റോഡ് പദ്ധതികളുടെ തറക്കല്ലിടാൻ വന്നിരുന്നു. അപ്പോഴാണ് അദ്ദേഹം എംപിയോട് വ്യായാമം ചെയ്യാൻ ആവശ്യപ്പെട്ടത്.
'അനിൽ ഫിറോജിയ വികസനത്തിനായി എന്നോട് നിരന്തരം ഫണ്ട് ചോദിക്കുകയാണ്. ഞാൻ അദ്ദേഹത്തോട് ഒരു നിബന്ധന വച്ചിരിക്കുകയാണ്. എനിക്ക് 135 കിലോ ഭാരമുണ്ടായിരുന്നു. ഇപ്പോൾ 93 കിലോയാണ്. എന്റെ പഴയ ഫോട്ടോ കണ്ടാൽ ജനങ്ങൾ എന്നെ തിരിച്ചറിയില്ല. അതുകൊണ്ട് നിങ്ങൾ എത്ര കിലോ ഭാരം കുറയ്ക്കുന്നുവോ അത്രയും തുക ഞാൻ ഉജ്ജയ്ൻ മണ്ഡലത്തിനായി അനുവദിക്കാം. എങ്ങനെ തടി കുറയ്ക്കാമെന്നും ഞാൻ പറഞ്ഞു തരാം' കേന്ദ്രമന്ത്രി പറഞ്ഞു.
നിതിൻ ഗഡ്കരിയുടെ വാക്കുകൾ കേട്ട എംപി വ്യായാമം തുടങ്ങുകയായിരുന്നു. 125 കിലോയായിരുന്നു ഫെബ്രുവരിയിൽ എംപിയുടെ ഭാരം. പിന്നീട് വ്യായാമം ചെയ്ത് ഭാരം കുറച്ചിരിക്കുകയാണ്. ഇപ്പോൾ 6000 കോടിയാണ് മണ്ഡലത്തിന് ലഭിച്ചിരിക്കുന്നതെന്നും മന്ത്രിയെ കണ്ട് വാഗ്ദാനപ്രകാരം ഇനിയും ഫണ്ട് ആവശ്യപ്പെടുമെന്നും ഫിറോജിയ വ്യക്തമാക്കി.
Adjust Story Font
16