വീട് നിർമാണത്തിന് നൽകാൻ ഫണ്ടില്ലെന്ന് അധികൃതർ; ആറു വർഷമായി ദലിത് യുവാവ് താമസിക്കുന്നത് കക്കൂസിൽ
വീട് നിർമാണത്തിന് ഫണ്ടില്ലാത്തതിനാൽ ലഭ്യമായ ഫണ്ടുകൊണ്ട് സഹ്ദിയോക്ക് വലിയ കക്കൂസാണ് നിർമിച്ചുനൽകിയതെന്ന് വാർഡ് മെമ്പർ പറഞ്ഞു.
റാഞ്ചി: എല്ലാവർക്കും വീട് നിർമാണത്തിന് ഫണ്ട് നൽകുന്നുവെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അവകാശപ്പെടുന്നതിനിടെ ജാർഖണ്ഡിൽ സഹ്ദിയോ റാം എന്ന ദലിത് യുവാവ് ആറു വർഷമായി താമസിക്കുന്നത് കക്കൂസിൽ. ഹസാരിബാഗ് ജില്ലയിലെ ജാമുവ ഗ്രാമത്തിലാണ് സംഭവം. മേസരിയായ സഹ്ദിയോ താമസിച്ചിരുന്ന ചെറിയ വീട് ആറു വർഷം മുമ്പാണ് തകർന്നത്.
ഒരു അപകടത്തിൽ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് സഹ്ദിയോക്ക് സ്ഥിരമായി ജോലിക്ക് പോകാൻ കഴിയാതെയായി. ഒരു വീടിനായി സഹ്ദിയോ പ്രാദേശിക ഭരണകൂടത്തിനും സംസ്ഥാന സർക്കാരിനും നിരവധി അപേക്ഷകൾ നൽകിയെങ്കിലും ആരും കനിഞ്ഞില്ല. ഗ്രാമ മുഖ്യനായ കാമേശ്വർ മെഹ്തക്കാണ് സഹ്ദിയോ ആദ്യം അപേക്ഷ നൽകിയത്. പക്ഷേ, അദ്ദേഹം ഒരു നടപടിയും സ്വീകരിച്ചില്ല.
വീട് അപേക്ഷ നൽകിയ സഹ്ദിയോക്ക് പിന്നീട് സർക്കാർ അനുവദിച്ചത് ഒരു കക്കൂസാണ്. താമസിക്കാൻ വേറെ ഇടമില്ലാത്തതിനാൽ കുടുംബത്തെ ബന്ധുക്കളുടെ വീട്ടിലേക്കയച്ച് സഹ്ദിയോ ഇവിടെ താമസമാക്കുകയായിരുന്നു. ഇപ്പോഴത്തെ ഗ്രാമ മുഖ്യനായ ഭോലാ തുരിക്കും ബ്ലോക്ക് ഡെലപ്‌മെന്റ് ഓഫീസർമാർക്കും അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സഹ്ദിയോ പറയുന്നു.
സർക്കാർ ഭവന പദ്ധതിക്ക് കീഴിൽ സഹ്ദിയോക്ക് വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ രേഖകളും അയച്ചിട്ടുണ്ട്. ഫണ്ടില്ലാത്തതിനാലാണ് വീട് അനുവദിക്കാത്തത്. സർക്കാർ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് സഹ്ദിയോക്ക് വീട് അനുവദിക്കുമെന്നും ഗ്രാമ മുഖ്യൻ പറഞ്ഞു.
ഫണ്ടില്ലാത്തതുകൊണ്ടാണ് വീട് അനുവദിക്കാത്തതെന്ന് വാർഡ് മെമ്പർ ഗോപാൽ കുമാർ ദാസും പറഞ്ഞു. ഫണ്ടിന് വേണ്ടി കാത്തിരിക്കുകയാണ്. സഹ്ദിയോയുടെ അവസ്ഥ മനസ്സിലാക്കി ലഭ്യമായ ഫണ്ടുകൊണ്ട് വലിയ കക്കൂസാണ് സഹ്ദിയോക്ക് നിർമിച്ചുനൽകിയത്. അദ്ദേഹം ഇപ്പോൾ അവിടെയാണ് താമസിക്കുന്നതെന്നും ഗോപാൽ കുമാർ പറഞ്ഞു.
Adjust Story Font
16