ഒമിക്രോൺ: വാക്‌സിൻ ഡോസുകളുടെ ഇടവേള കുറക്കില്ലെന്ന് ആരോഗ്യവകുപ്പ്
പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വാക്‌സിനേഷൻ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറഞ്ഞു.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറക്കില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. കർണാടകയിൽ രണ്ടുപേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ വാക്‌സിൻ ഇടവേള കുറച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ആരോഗ്യവകുപ്പ് നിലപാട് വ്യക്തമാക്കിയത്. '' കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളുടെ ഇടവേള കുറക്കാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല''-നീതി ആയോഗ് ആരോഗ്യവിഭാഗം അംഗമായ വി.കെ പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തിയ രണ്ട് കർണാടക സ്വദേശികൾക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇവരുമായി പ്രാഥമിക, ദ്വിതീയ സമ്പർക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും സമ്പർക്കമുള്ള 10 യാത്രക്കാരുടെ സാമ്പിളുകളുടെ ജീനോ നിരീക്ഷണത്തിനായി ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വാക്‌സിനേഷൻ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറഞ്ഞു.
ഒമിക്രോണുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും നേരിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. രാജ്യത്തും ലോകത്തെമ്പാടുമുള്ള അത്തരം എല്ലാ കേസുകളിലും ഇതുവരെ ഗുരുതരമായ രോഗലക്ഷണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചതെന്നും ദേശീയ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
Adjust Story Font
16