ശരിയായ പരിശീലനമില്ല; സ്പൈസ്ജെറ്റിന്റെ 90 പൈലറ്റുമാർക്ക് വിലക്ക്
പൈലറ്റുമാർ തൃപ്തികരമായ രീതിയിൽ പരിശീലനം പൂർത്തിയാക്കണമെന്ന് ഡിജിസിഎ
ന്യൂഡൽഹി: സ്പൈസ്ജെറ്റിന്റെ 90 പൈലറ്റുമാരെ ബോയിങ്ങിന്റെ 737 മാക്‌സ് വിമാനം പറത്തുന്നതിൽ നിന്നും വിലക്കി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ശരിയായ പരിശീലനം ലഭിക്കുന്നത് വരെയാണ് വിലക്ക്. നോയിഡയിൽ നിന്നും ഈ പൈലറ്റുമാർക്ക് ലഭിച്ചത് വ്യാജമായ പരിശീലനമാണെന്നും അതിൽ ക്രമ വിരുദ്ധതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിസിഎയുടെ നടപടി.
തൃപ്തികരമായ രീതിയിൽ പരിശീലനം പൂർത്തിയാക്കണമെന്നും ഡിജിസിഎ ഉത്തരവിൽ വ്യക്തമാക്കി. വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതോടെ സ്‌പൈസ് ജെറ്റ് പൈലറ്റുമാരുടെ പരിശീലനം ഡിജിസഎ നേരിട്ട് പരിശോധിക്കുമെന്ന് വക്താവ് അരുൺ കുമാർ പറഞ്ഞു. ഡിജിസിഎ.യുടെ നടപടി ശരിവെച്ച സ്‌പൈസ്‌ജെറ്റ് 90 പൈലറ്റുമാരെ മാക്‌സ് വിമാനങ്ങൾ പറത്തുന്നതിൽ നിന്നും വിലക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഡിജിസിഎയ്ക്ക് തൃപ്തികരമായ രീതിയിൽ പൈലറ്റുമാരെ പരിശീലനത്തിന് അയക്കുമെന്നും കമ്പനി അറിയിച്ചു.
ഡിജിസിഎയുടെ തീരുമാനം വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കില്ലെന്നും സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി. 11 മാക്‌സ് വിമാനങ്ങൾ പറത്തുന്നതിന് 144 പൈലറ്റുമാരാണ് വേണ്ടത്. എന്നാൽ സ്‌പൈസ്‌ജെറ്റിന് കൃത്യമായ പരിശീലനം ലഭിച്ച 560 പൈലറ്റുമാരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇത് സാധാരണ ഗതിയിൽ സർവീസുകൾക്ക് ആവശ്യമുള്ളതിലും അധികമാണെന്ന് കമ്പനി വക്താവ് അറിയിച്ചു.
Adjust Story Font
16