Quantcast

പ്രതിമയുണ്ടാക്കിയതിന്റെ പേരിലല്ല ചരിത്രം നമ്മെ ഓർക്കേണ്ടത്: ബോംബെ ഹൈക്കോടതി ജഡ്ജ്

"സർക്കാറുകൾ വരും, പോകും. എന്നാൽ ഇന്ത്യയെന്ന ആശയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്"

MediaOne Logo

Web Desk

  • Updated:

    2021-11-28 05:29:04.0

Published:

28 Nov 2021 5:24 AM GMT

പ്രതിമയുണ്ടാക്കിയതിന്റെ പേരിലല്ല ചരിത്രം നമ്മെ ഓർക്കേണ്ടത്: ബോംബെ ഹൈക്കോടതി ജഡ്ജ്
X

മുംബൈ: പാലങ്ങളുടെയും പ്രതിമകളുടെയും പേരിലല്ല, ഇന്ത്യയെന്ന ആശയത്തെ എങ്ങനെ പരിരക്ഷിച്ചു എന്നതിലാണ് ചരിത്രം നമ്മെ ഓർക്കുകയെന്ന് ബോംബെ ഹൈക്കോടതി ജഡ്ജ് ഗൗതം പട്ടേൽ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര മാധ്യമപ്രവർത്തന സംരംഭമായ ദി ലീഫ്‌ലെറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'അണ്ടർ മൈനിങ്ങ് ദി ഐഡിയ ഓഫ് ഇന്ത്യ: ദ വേ ഫോർവേർഡ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സർക്കാറുകൾ വരും പോകും. എന്നാൽ ഇന്ത്യയെന്ന ആശയം, ഇന്ത്യയെന്ന ഭരണഘടനാപരമായ ആശയം തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പാലങ്ങളും പ്രതിമകളും നിർമിച്ചതിന്റെ പേരിലല്ല, ഇന്ത്യയെന്ന ആശയത്തെ എങ്ങനെ സംരക്ഷിച്ചു എന്നതിലാണ് ചരിത്രം നമ്മെ ഓർമിക്കുക' - അദ്ദേഹം പറഞ്ഞു.

'ഇപ്പോൾ ആഖ്യാനങ്ങൾക്ക് എതിരാഖ്യാനങ്ങളുണ്ട്. അതിനെ നിശ്ശബ്ദമാക്കുക അസാധ്യമാണ്. സാങ്കേതിക വിദ്യയ്ക്കു നന്ദി. എന്നത്തേക്കാളും കടുതൽ എതിരഭിപ്രായങ്ങളും എതിർശബ്ദങ്ങളുമുള്ള കാലമാണിത്. ഇന്ത്യയെന്ന ആശയം ഒന്നേയുള്ളൂ. അത് ഭരണഘടനാപരമായ ആശയമാണ്. ഭരണഘടനയുടെ ഒന്നാം വകുപ്പ് അതു വ്യക്തമാക്കുന്നുണ്ട്. ഭാരതം, സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് എന്നതാണത്' - അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണാധികാരികൾ, ഭരണകക്ഷി എന്ന വാക്കുകൾ ഉപേക്ഷിക്കേണ്ട സമയമായി എന്നും ജസ്റ്റിസ് പട്ടേൽ പറഞ്ഞു. ജനങ്ങളാണ് ഭരിക്കുന്നത്. അവർ ഭരിക്കപ്പെടുകയല്ല. ഇത്തരം കൊളോണിയൽ ഭാണ്ഡങ്ങൾ ഒഴിവാക്കേണ്ടതുണ്ട്- അദ്ദേഹം അഭിപ്രായപ്പെട്ടു.

TAGS :

Next Story