Quantcast

മാനനഷ്ടക്കേസില്‍ ഹാജരായില്ല; കര്‍ണാടക ബിജെപി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ബുധനാഴ്ചയായിരുന്നു പാട്ടീലിനോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    17 Oct 2024 8:19 AM GMT

Basanagouda Patil
X

ബെംഗളൂരു: മാനനഷ്ടക്കേസിൽ ഹാജരാകാത്തതിനെ തുടർന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നലിനെതിരെ കർണാടകയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ബുധനാഴ്ചയായിരുന്നു പാട്ടീലിനോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്.

'പാകിസ്താന്‍റെ പകുതിയും ദിനേശ് ഗുണ്ടു റാവുവിൻ്റെ വീട്ടിലാണ്' എന്ന യത്‌നലിൻ്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവിൻ്റെ ഭാര്യ തബസ്സും റാവുവാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. എന്നാല്‍ പാട്ടീല്‍ കോടതിയില്‍ ഹാജരായില്ല. ഇതിനെത്തുടര്‍ന്ന് ജഡ്ജി കെ എൻ ശിവകുമാറാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ ഈ മാസം 28ന് വാദം കേള്‍ക്കും. യത്നാലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ നീണ്ട പട്ടികയിൽ ഒന്ന് മാത്രമാണ് ഇപ്പോഴത്തെ മാനനഷ്ടക്കേസ്.പ്രകോപനപരമായ പരാമര്‍ശങ്ങളിലൂടെ വിവാദത്തിന് തിരി കൊളത്തുക എന്നത് യത്നാലിന്‍റെ പതിവാണ്.

കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി മുഖ്യമന്ത്രിയാകാൻ ബിജെപിയിലെ പ്രമുഖനേതാവ് ആയിരം കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്ന യത്നാലിന്‍റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. പാർട്ടിയുടെ പ്രമുഖനായ നേതാവാണിതെന്നു പറഞ്ഞ യത്‌നൽ, പക്ഷേ പേര് വെളിപ്പെടുത്തിയില്ല. ഇദ്ദേഹത്തിന്‍റെ വീട്ടിൽനിന്ന് മുൻപ്‌ നോട്ടെണ്ണുന്ന യന്ത്രം കണ്ടെത്തിയെന്നും ആരോപിച്ചിരുന്നു. യത്‌നലിന്‍റെ ആരോപണം ഏറ്റെടുത്ത കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻ ബിജെപി കോടികൾ നീക്കിവെച്ചിട്ടുണ്ടെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കോവിഡ് വ്യാപന കാലത്ത് 40,000 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന ഗുരുതര ആരോപണവും പാട്ടീല്‍ ഉയര്‍ത്തിയിരുന്നു. ''45 രൂപയുടെ മാസ്കിന് 485 രൂപയുടെ ബില്ലാണ് അന്ന് നൽകിയത്. കോവിഡ് കാലത്ത് കിടക്കകൾ വിതരണം ചെയ്തതിലും വൻ ക്രമക്കേടാണ് നടന്നത്. ബെംഗളൂരുവിൽ 10000 കിടക്കകൾ വാടകക്കെടുക്കുകയാണ് ചെയ്തത്. ഒരു കിടക്കക്ക് 20000 രൂപയാണ് നൽകിയത്. ആ തുകക്ക് കിടക്കകൾ വിലകൊടുത്ത് വാങ്ങിയിരുന്നുവെങ്കിൽ അതിന്‍റെ ഇരട്ടിയെണ്ണം സ്വന്തമായി ലഭിച്ചേനേ. കള്ളന്മാർ കള്ളന്മാർ തന്നെയാണ്'' എന്നായിരുന്നു യത്നലിന്‍റെ ആരോപണം.

TAGS :

Next Story