Quantcast

പൂനെ പോര്‍ഷെ അപകടം; കാറിന് രജിസ്ട്രേഷനില്ല, 17കാരന് 25 വയസ് വരെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ വിലക്ക്

കര്‍ണാടകയില്‍ നിന്നും താല്‍കാലിക രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    22 May 2024 6:07 AM GMT

Pune Porsche accident
X

പൂനെ: പൂനെയില്‍ രണ്ടു ഐടി പ്രൊഫഷണലുകളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പോര്‍ഷെ കാറിന് രജിസ്ട്രേഷനില്ലെന്ന് മഹാരാഷ്ട്ര ഗതാഗത വകുപ്പ്. 1,758 രൂപ ഫീസ് അടക്കാത്തതുകൊണ്ടാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാകാത്തതെന്നും ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഎയോട് പറഞ്ഞു. കാറോടിച്ച 17കാരനെ 25 വയസ് വരെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്നും വിലക്കിയതായി ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

മാർച്ചിൽ ബംഗളൂരുവിലെ ഒരു ഡീലർ പോർഷെ കാർ ഇറക്കുമതി ചെയ്തതായും പിന്നീട് താൽക്കാലിക രജിസ്ട്രേഷനോടെ മഹാരാഷ്ട്രയിലേക്ക് അയച്ചതായും മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമ്മീഷണർ വിവേക് ​​ഭീമൻവർ പറഞ്ഞു. ''പൂനെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർടിഒ) ഹാജരാക്കിയപ്പോൾ നിശ്ചിത രജിസ്‌ട്രേഷൻ ഫീസ് അടച്ചിട്ടില്ലെന്ന് കണ്ടെത്തി, നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള തുക ഉടമയോട് അടക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അതിനുശേഷം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയില്ല'' വിവേക് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയില്‍ ഇളവുണ്ട്. പോര്‍ഷെ ടയ്കാന്റെ ആകെ രജിസ്‌ട്രേഷന്‍ ഫീസ് 1758 രൂപ മാത്രമാണ്. 1500 രൂപ ഫീസ്, സ്മാര്‍ട്ട കാര്‍ഡ് ആര്‍.സിയ്ക്കുവേണ്ടി 200 രൂപ, തപാല്‍ ചാര്‍ജായി 58 രൂപ എന്നിവ അടങ്ങുന്നതാണ് ആകെ ഫീസ്. 96 ലക്ഷം രൂപ മുതല്‍ 1.86 കോടിക്ക് മുകളിലാണ് പോര്‍ഷെ ടെയ്കാന്‍റെ വിവിധ മോഡലുകളുടെ എക്സ് ഷോറൂം വില. അതേസമയം കര്‍ണാടകയില്‍ നിന്നും താല്‍കാലിക രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. 2024 സെപ്തംബര്‍ വരെയാണ് ഇതിന്‍റെ കാലാവധി.

അതേസമയം അപകടത്തിനു മുന്‍പുള്ള സംഭവങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അപകടത്തിന്‍റെ തലേന്ന് രാത്രി രണ്ട് പബ്ബുകളിലായി 17കാരന്‍ 48,000 രൂപയാണ് ചെലവഴിച്ചത്. 90 മിനിറ്റിനിടയിലാണ് ഈ തുക ചെലവഴിച്ചത്. ശനിയാഴ്ച രാത്രി 10:40ന് 17കാരനും സുഹൃത്തുക്കളും ആദ്യം കോസ് റസ്റ്റോറന്‍റ് പബ്ബ് സന്ദര്‍ശിച്ചു. അവിടെ വന്‍തുക ബില്ല് വന്നു. തുടര്‍ന്ന് പബ്ബുകാര്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതോടെ ബ്ലാക് മാരിയോട്ട് എന്ന പബ്ബിലേക്ക് പോവുകയായിരുന്നു. പൂനെയിലെ കല്ല്യാണി നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.

മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച 17കാരന്‍ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മദ്യപ്രദേശ് സ്വദേശികളായ അനീഷ്‌ അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്. യുവാക്കളെ ഇടിച്ചിട്ട കാര്‍ റോഡിലെ നടപ്പാതയില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തിന് പിന്നാലെ 17കാരനെ നാട്ടൂകാര്‍ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ 17കാരനെ മണിക്കൂറുകള്‍ക്ക് ശേഷം ജാമ്യത്തില്‍ വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

പൂനൈ കലക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് 17കാരന് മദ്യം നല്‍കിയ രണ്ടു പബ്ബുകളും മഹാരാഷ്ട്ര എക്സൈസ് വകുപ്പ് സീല്‍ ചെയ്തിരുന്നു. സംഭവവികാസങ്ങൾക്കിടയിൽ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേസിൻ്റെ അവലോകനത്തിനായി പൂനെ പോലീസ് കമ്മീഷണറേറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി, പിന്നീട് മാധ്യമങ്ങളെ കാണുകയും ചെയ്തു. ''കേസ് അവലോകനം ചെയ്തു. ഇത്തരം സംഭവങ്ങൾ തടയാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു." ഫഡ്നാവിസ് പറഞ്ഞു. അപകടത്തെത്തുടർന്ന്, പൊലീസ് ഉടൻ തന്നെ ഐപിസി സെക്ഷൻ 304 പ്രസക്തമായ വകുപ്പുകൾക്കൊപ്പം ചുമത്തിയെന്നും ജെജെബിക്ക് (ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ്) മുമ്പാകെയുള്ള റിമാൻഡ് ഹരജിയിൽ, കൗമാരക്കാരന് 17 വയസും എട്ട് മാസവും പ്രായമുള്ളതിനാൽ, പ്രായപൂർത്തിയായ ഒരാളായി പരിഗണിക്കണമെന്ന് സൂചിപ്പിച്ചിരുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.

അപകടവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അറസ്റ്റിലായ 17കാരന്‍റെ പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ വിശാൽ അഗർവാളിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇന്ന് പൂനെ കോടതിയിൽ ഹാജരാക്കും. അപകടത്തിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ ഒരു കാറില്‍ കയറിയ ശേഷം മുംബൈയിലേക്ക് പോകാനും മറ്റൊരു കാര്‍ ഗോവയിലേക്ക് കൊണ്ടുപോകാനും ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുംബൈയിലേക്കുള്ള യാത്രാമധ്യേ കാറിൽ നിന്നിറങ്ങി ഒരു സുഹൃത്തിൻ്റെ വാഹനത്തില്‍ അഗര്‍വാള്‍ ഛത്രപതി സംഭാജിനഗറിലേക്ക് പോയി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വിശാല്‍ അഗര്‍വാള്‍ നിരവധി വാഹനങ്ങള്‍ മാറിമാറി ഉപയോഗിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. സുഹൃത്തിൻ്റെ കാറാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കിയ പോലീസ് കാറിൻ്റെ ജിപിഎസ് ട്രാക്ക് ചെയ്യുകയായിരുന്നു. മേയ് 21 ന് സംഭാജിനഗറിലെ റിസോർട്ടിൽ പുലർച്ചെ നടത്തിയ റെയ്ഡിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

TAGS :

Next Story