Quantcast

ഭക്ഷണം കഴിക്കുമ്പോൾ സൗജന്യമായി കുടിവെള്ളം നൽകിയില്ല; ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്

MediaOne Logo

Web Desk

  • Published:

    12 April 2024 10:40 AM GMT

ഭക്ഷണം കഴിക്കുമ്പോൾ സൗജന്യമായി കുടിവെള്ളം നൽകിയില്ല; ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
X

ഹൈദരാബാദ്: ഭക്ഷണം കഴിക്കാനെത്തിയയാൾക്ക് സൗജന്യമായി കുടിവെള്ളം നൽകാത്ത റെസ്‌റ്റോറന്റ് ഉടമകൾക്ക് പിഴ. 5000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. ഹൈദരാബാദിലാണ് സംഭവം നടന്നത്. റെസ്റ്റോറന്റിനോട് 45 ദിവസത്തിനുള്ളിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനാണ് നിർദേശം നൽകിയിട്ടുള്ളത്.

സെക്കന്തരാബാദ് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.ദിവസങ്ങൾക്ക് മുമ്പ് സി.ബി.ഐ കോളനിയിലെ ഐടിഎൽയു റസ്റ്റോറന്റിലാണ് ഭക്ഷണം കഴിക്കാൻ കയറിയത്. പ്ലാസ്റ്റിക് അലർജി കാരണം കുപ്പി വെള്ളം വേണ്ടെന്നും സാധാരണ കുടിവെള്ളം മതിയെന്നും അഭ്യർഥിച്ചിട്ടും ജീവനക്കാർ നിരസിക്കുകയായിരുന്നു. ഇതുമൂലം റസ്റ്റോറന്റിന്റെ സ്വന്തം ബ്രാൻഡഡ് കുപ്പി വെള്ളം 50 രൂപയ്ക്ക് വാങ്ങാൻ നിർബന്ധിതനായെന്നും പരാതിയിൽ പറയുന്നു.

സമയം ഏറെ വൈകിയതിനാലും മറ്റ് ഹോട്ടലുകൾ സമീപത്തില്ലാത്തിനാലും അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ താൻ നിർബന്ധിതനായെന്നും പരാതിയിൽ പറയുന്നു. 31.50 രൂപ സർവീസ് ചാർജും അഞ്ച് ശതമാനം ജി.എസ്.ടിയും ചേർത്ത് 695 രൂപയാണ് ബില്ലിൽ ഈടാക്കിയത്. തുടർന്നാണ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്. ഹരജി പരിഗണിച്ച കോടതി പരാതിക്കാരന് 5000 രൂപ നഷ്ടപരിഹാരം ൽകണമെന്നും കേസിന്റെ ചെലവിലേക്കായി 1000 രൂപയും നൽകണമെന്നും കോടതി വിധിച്ചു.

സർവീസ് ചാർജും ജി.എസ്.ടിയും തിരികെ നൽകാനും ഉത്തരവിലുണ്ട്. തെലങ്കാന സർക്കാറിന്റെ എം.എ ആന്റ് യു.ഡി വകുപ്പ് ഉത്തരവ് പ്രകാരം ജി.എച്ച്.എം.സിയുടെ അധികാര പരിധിയിലുള്ള എല്ലാ ഹോട്ടലുകളും, റെസ്റ്റോറന്റുകളും, ഭക്ഷണശാലകളും ഉപഭോക്താക്കൾക്ക് സൗജന്യമായി ശുദ്ധീകരിച്ച കുടിവെള്ളം നൽകണം. സൗജന്യ കുടിവെള്ളം നിഷേധിക്കുകയും സർവീസ് ചാർജ് ഈടാക്കുന്നതും അനുവദിക്കാനാവില്ലെന്നും ഉപഭോക്തൃ കോടതി ചൂണ്ടിക്കാണിച്ചു.

TAGS :

Next Story