'രാമനെ തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ഉപകരണമായി കണക്കാക്കരുത്'; വിമർശനവുമായി അധീർ രഞ്ജൻ ചൗധരി
രാമൻ ബി.ജെ.പിയുടെ കുത്തയല്ല, രാമൻ എല്ലാവരുടെയും ദൈവമാണെന്നും ചൗധരി
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള രാഷ്ട്രീയ ഉപകരണമായി രാമനെ ബി.ജെ.പി കണക്കാക്കരുതെന്ന് കോൺഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരി. പൊതു തെരഞ്ഞെടുപ്പ് പടിവാതിലെത്തി നിൽക്കുന്ന സമയമായതിനാൽ നിങ്ങൾ ശ്രീരാമന്റെ പിന്നിൽ അഭയം പ്രാപിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചക്കിടെയായിരുന്നു ചൗധരി ബി.ജെ.പിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. 'നമ്മളെല്ലാവരും രാമനിൽ വിശ്വസിക്കുന്നവരാണ്. പക്ഷേ രാമൻ ബി.ജെ.പിയുടെ കുത്തയല്ല, രാമനെ തെരഞ്ഞെടുപ്പ് ഉപകരണമാക്കരുത്..രാമൻ എല്ലാവരുടെയും ദൈവമാണ്... ആരാധനാലയങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമം കൊണ്ടുവരണം'...അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയെയും മാലിദ്വീപിനെയും കുറിച്ചുള്ള സർക്കാരിന്റെ നയത്തെയും ചൗധരി ചോദ്യം ചെയ്തു. ജനങ്ങളുടെ അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു 2014 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വാഗ്ദാനം ചെയ്തത്. 2019 ലെ തെരഞ്ഞെടുപ്പ് വന്നപ്പോൾ, പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ട് വ്യോമാക്രമണം നടത്തുകയും തീവ്രവാദ ക്യാമ്പ് തകർക്കുകയും ചെയ്തു. എന്നാൽ, ബാലാകോട്ടിലെ വ്യോമാക്രമണവുമായി ബന്ധപ്പെട്ട സത്യം ഇതുവരെ സർക്കാർ പങ്കുവെച്ചിട്ടില്ലെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഇന്ത്യ-ചൈന അതിർത്തിയിലെ സുരക്ഷാ പ്രശ്നങ്ങളൊന്നും പരാമർശിക്കുന്നില്ല. ലഡാക്കിലെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഏകദേശം 2,000 ചതുരശ്ര കിലോമീറ്റർ ഭൂമി ഇപ്പോൾ ചൈനയുടെ നിയന്ത്രണത്തിലാണെന്നും ചൗധരി ആരോപിച്ചു. ചൈന നയത്തിൽ സർക്കാർ വീണ്ടും വീണ്ടും പരാജയപ്പെട്ടുവെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. .
എന്നാല്‍ ചർച്ചയിൽ ഇടപെട്ട് സംസാരിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അതിർത്തി പ്രശ്‌നത്തിൽ ചൗധരി ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞു. ഇന്ത്യ ദുർബല രാജ്യമല്ലെന്നും ആരെങ്കിലും ആക്രമിച്ചാൽ ഉചിതമായി തിരിച്ചടിക്കാനുള്ള കഴിവ് ഞങ്ങൾക്കുണ്ടെന്നുംൊ കേന്ദ്രമന്ത്രി പറഞ്ഞു.
Adjust Story Font
16