എക്‌സിറ്റ് പോളുകളുടെ വിധിയെന്താകും, 2019,2014,2009 ലെ കണക്കുകള്‍ പറയുന്നതെന്ത്
ഇന്ന് നടക്കുന്ന ഏഴാം ഘട്ടം വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എക്സിറ്റ് പോളുകൾ പുറത്തുവരും
ഏഴാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നതിന് പിന്നാലെ വിവിധ ഏജൻസികളുടെയും മാധ്യമങ്ങളുടെയും എക്സിറ്റ് പോളുകൾ പുറത്തുവരും. ചൊവ്വാഴ്ച വോട്ടെണ്ണൽ തുടങ്ങുന്നതുവരെ എക്സിറ്റ് പോളുകളായിരിക്കും എങ്ങും ചർച്ച. പാർട്ടികൾക്കും അണികൾക്കും നിരാശയും പ്രതീക്ഷയും നൽകുന്ന കണക്കുകളാകും എങ്ങും. എക്സിറ്റ് പോളുകൾ പലതരത്തിൽ ചർച്ചയാകാറുണ്ട്.2019,2014,2009 കളിലെ എക്സിറ്റ് പോളുകളും ഫലവും വലിയ ചർച്ചയായിരുന്നു.
2014 ലും 2019 ലും ബി.ജെ.പി നയിച്ച എൻ.ഡി.എ സഖ്യത്തിനായിരുന്നു വിജയം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 7 നും മെയ് 12 നും ഇടയിലാണ് നടന്നത്. മെയ് 16 നാണ് വോട്ടെണ്ണിയത്. 2019 ലെ തെരെഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മെയ് 19 വരെയാണ് നടന്നത്. മെയ് 23 നായിരുന്നു വോട്ടെണ്ണൽ.
2014-ൽ പ്രധാനമായും എട്ട് എക്സിറ്റ് പോൾ ഫലങ്ങളായിരുന്നു പുറത്തുവന്നത്. ബി.ജെ.പിക്കും എൻ.ഡി.എക്കും വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു എക്സിറ്റ് പോളും പ്രവചിച്ചിരുന്നില്ല. ശരാശരി 283 സീറ്റുകൾ എൻ.ഡി.എക്ക് കിട്ടുമെന്നായിരുന്നു പ്രവചനം. ശരാശരി 105 സീറ്റാണ് യു.പി.എക്ക് പ്രവചിച്ചത്. എന്നാൽ 336 സീറ്റാണ് എൻ.ഡി.എ നേടിയത്. 60 സീറ്റിലേക്ക് യു.പി.എ ചുരുങ്ങുകയും ചെയ്തു.ബി.ജെ.പി 282 ലും കോൺഗ്രസ് 44 സീറ്റിലുമാണ് അന്ന് ജയിച്ചത്. എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ എൻ.ഡി.എയ്ക്ക് 53 സീറ്റ് കൂടുകയും യു.പി.എക്ക് 45 സീറ്റ് കുറയുകയും ചെയ്തു.
2019-ൽ ഏകദേശം 13 എക്‌സിറ്റ് പോളുകളായിരുന്നു പുറത്തുവന്നത്. എൻ.ഡി.എക്ക് ശരാശരി 306 സീറ്റും, യു.പി.എക്ക് 120 സീറ്റുമാണ് പ്രവചിച്ചത്. എന്നാൽ എൻ.ഡി.എ 353 സീറ്റുകളാണ് നേടിയത്. യു.പി.എ 93 സീറ്റും നേടി. ഇതിൽ ബി.ജെ.പി 303 ഉം കോൺഗ്രസ് 52 സീറ്റുകളുമാണ് നേടിയത്.
രണ്ടാം മൻമോഹൻ സർക്കാർ അധികാരത്തിൽ വന്ന 2009 ൽ പ്രധാനമായും 4 എക്സിറ്റ് പോളുകളാണ് പുറത്തുവന്നത്. യുപിഎ ശരാശരി 195 സീറ്റും എൻഡിഎ 185 സീറ്റും നേടുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം..പ്രവചിച്ചതിനെക്കാൾ 54 സീറ്റുകൾ അധികം നേടി 262 പേരെയാണ് യു.പി.എ ടിക്കറ്റിൽ ലോക്സഭയിൽ എത്തിയത്. പ്രവചനത്തെക്കാൾ 22 സീറ്റ് കുറഞ്ഞ് എൻ.ഡി.എ 158 ലൊതുങ്ങി. 2009 ൽ കോൺഗ്രസ് 206 സീറ്റും ബിജെപി 116 സീറ്റുമാണ് നേടിയത്..
അതെ മൂന്ന് മാസം നീണ്ടുനിന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട ഘട്ട വോട്ടെടുപ്പിൽ 57 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ആറുഘട്ടങ്ങളിലായി 468 മണ്ഡലങ്ങളാണ് ഇതുവരെ വിധിയെഴുതിയത്. ഉത്തര്‍പ്രദേശും പഞ്ചാബും അടക്കം 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലുമാണ് ഇന്ന് വോട്ടെടുപ്പ്. ബംഗാൾ, ബിഹാർ ഒഡിഷ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 904 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
7 ഘട്ടങ്ങളിലായി നടന്ന വാശിയേറിയ പ്രചാരണത്തിൽ വികസനവും ജനകീയ പ്രഖ്യാപനങ്ങളും വർഗീയതയും വലിയതോതിൽ ചർച്ചാവിഷയമായി. പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശവും അതിൽ നടപടി എടുക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മെല്ലെപോക്കും വിമർശന വിധേയമായി. ഒടുവിൽ മഹാത്മാ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശവും നരേന്ദ്ര മോദിയുടെ ധ്യാനവും ഇന്ത്യാ സഖ്യം പ്രചാരണ ആയുധമാക്കി. അതേസമയം മോദി പ്രഭാവം ഇത്തവണയും ഗുണം ചെയ്യും എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖരാണ് ജനവിധി തേടുന്നത്. ബോളിവുഡ് നടി കങ്കണ റണാവത്ത് കോൺഗ്രസ് നേതാവ് അജയ് റായ്, ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ്, ഉൾപ്പെടെയുള്ള പ്രമുഖരാണ് മത്സര രംഗത്തുള്ളത്.
Adjust Story Font
16