ഹിന്ദുത്വ പരാമർശം: നടൻ ചേതൻ കുമാറിന്റെ ഒ.സി.ഐ കാർഡ് കേന്ദ്രം റദ്ദാക്കി
ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ചേതനെ അറസ്റ്റ് ചെയ്തത്
ബെംഗളൂരു: ഹിന്ദുത്വത്തെ വിമർശിച്ചുള്ള പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ കന്നട നടൻ ചേതൻ കുമാറിന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യയുടെ(ഒ.സി.ഐ) കാർഡ് കേന്ദ്രസർക്കാർ റദ്ദാക്കി. 15 ദിവസത്തിനുള്ളിൽ കാർഡ് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജനൽ രജിസ്‌ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) നടന് കത്തയച്ചു.
ഷിക്കോഗോയിൽ താമസമാക്കിയ ചേതന് 2018ലാണ് ഒ.സി.ഐ കാർഡ് ലഭിക്കുന്നത്. ഇന്ത്യൻ വംശജരായവർക്കും ജീവിത പങ്കാളികൾക്കും ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശമാണ് ഒ.സി.ഐ അഥവാ ഇന്ത്യൻ വിദേശ പൗരത്വം. ചേതന്റെ ഒ.സി.ഐ കാർഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പിയാണ് ഫോറിനേഴ്‌സ് റീജനൽ രജിസ്‌ട്രേഷൻ ഓഫീസിനെ സമീപിച്ചത്.
ഹിന്ദുത്വത്തെ കുറിച്ച് ട്വീറ്റ് ചെയ്തതിന് മാർച്ച് 21 ന് അറസ്റ്റിലായ ചേതന് മാർച്ച് 23 ന് ജാമ്യം ലഭിച്ചിരുന്നു. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ചേതനെ ശേഷാദ്രിപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഇതാദ്യമായല്ല താരം വിവാദ പരമാർശത്തിലൂടെ അറസ്റ്റിലാകുന്നത്. 2022 ഫെബ്രുവരിയിൽ ഹിജാബ് കേസ് പരിഗണിച്ച കർണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിനെതിരെ ആക്ഷേപകരമായ ട്വീറ്റ് ചെയ്തിനും ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
Adjust Story Font
16