'കവച്' സംവിധാനം പ്രഹസനം മാത്രമോ! ദുരന്തത്തിന്റെ ആഴം കൂട്ടിയതിന് കാരണം...
അപകടത്തിപെട്ട ട്രെയിനുകളിൽ കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഒഡീഷയിലെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്
ഡൽഹി: 280 പേരുടെ ജീവനാണ് ട്രാക്കിൽ പൊലിഞ്ഞത്.. 900 ലേറെ പേർ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നു. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുവെന്ന കാര്യം അധികൃതർക്ക് പോലും വിശ്വാസമായിട്ടില്ല. എങ്ങനെയാണ് ഇത്രയും വലിയൊരു ദുരന്തമുണ്ടായത് എന്ന ചോദ്യത്തിനൊപ്പം എവിടെ സർക്കാരിന്റെ കവച് സംവിധാനമെന്ന സംശയവും ഉയരുന്നുണ്ട്. ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കുന്ന സിഗ്നല്‍ സംവിധാനമായ കവച് അപകടത്തിൽപെട്ട ട്രെയിനുകളിൽ ഉണ്ടായിരുന്നില്ലേ എന്ന് നാനാഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയരുകയാണ്.
'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച കവച് സംവിധാനത്തിന്റെ പരീക്ഷണം 2022-ല്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും കൂട്ടിയിടി ഒഴിവാക്കാനുള്ള മുന്‍കരുതലായി പ്രവര്‍ത്തിക്കുന്നതുമായ ഓട്ടോമാറ്റിക് സംവിധാനമെന്നായിരുന്നു കവചിന്റെ വിശേഷണം. അപകടങ്ങളില്ലാതെ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനും എണ്ണം കൂട്ടാനും ലക്ഷ്യമിട്ടാണ് ട്രെയിന്‍ കോളിഷന്‍ അവോയിഡന്‍സ് സിസ്റ്റം എന്ന സാങ്കേതിക നാമത്തിൽ അറിയപ്പെടുന്ന കവച് ഒരു സുരക്ഷാ സംവിധാനമായി കേന്ദ്രം മുന്നോട്ടുവെച്ചത്.
എന്നാൽ, അപകടത്തിപെട്ട ട്രെയിനുകളിൽ കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഒഡീഷയിലെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ട്രെയിൻ ഗതാഗതം വ്യാപകമായ ഇന്ത്യയിൽ കവച് പോലൊരു സുരക്ഷാ സംവിധാനത്തിന്റെ പ്രാധാന്യം നേരത്തെ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാൽ, അത് പ്രയോഗികതലത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രസർക്കാർ വൈകിയതാണ് അപകടമുണ്ടാക്കിയതെന്ന ആക്ഷേപവും ശക്തമാണ്. ഒഡീഷയിൽ അപകടമുണ്ടായ റൂട്ടിൽ ഈ സംവിധാനം ലഭ്യമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ വക്താവ് അമിതാഭ് ശർമ രംഗത്തെത്തിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ ട്രെയിന്‍ സുരക്ഷാ സംവിധാനമാണ് കവച്. നിശ്ചിത ദൂരപരിധിയില്‍ ഒരേ പാതയില്‍ രണ്ടു ട്രെയിനുകള്‍ വന്നാല്‍ നിശ്ചിത ദൂരത്തിനുള്ളിൽ ഓട്ടോമാറ്റിക്കായി ബ്രേക് ചെയ്തു ട്രെയിനുകൾ നിർത്താൻ കഴിയുന്ന സംവിധാനം കൂടിയാണിത്. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കവചിന് സാധിക്കും.
കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷം ഇപ്പോൾ ആയുധമാക്കിയിരിക്കുന്നതും ഇതേ സംവിധാനം തന്നെയാണ്. കൂട്ടിയിടി ഒഴിവാക്കുന്നതിനായി വികസിപ്പിച്ച സംവിധാനത്തോട് സർക്കാറിന്റെ അവഗണനയാണ് അപകടം വരുത്തിവെച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. ഏറെ നിർണായകമായ ഈ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് 2019 വരെ ഒരു നടപടിയും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
2019ൽ കവച് സംവിധാനം നിർമിക്കാനും റെയിൽവേയിൽ സ്ഥാപിക്കാനുമായി മൂന്നു കമ്പനികൾക്ക് അനുമതി നൽകിയിരുന്നു. എങ്കിലും ഇതുവരെ വെറും രണ്ട് ശതമാനം ട്രാക്കുകളിൽ മാത്രമാണ് ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ആരോപണങ്ങൾ ശക്തമാകുമ്പോഴും ഇത് സംബന്ധിച്ച് വ്യക്തത വരുത്താനോ പ്രതികരണത്തിനോ റെയിൽവേ മന്ത്രിയോ കേന്ദ്രസർക്കാറോ ഇതുവരെ തയ്യാറായിട്ടില്ല.
Adjust Story Font
16