ബാലസോർ ട്രെയിൻ അപകടം; മരണം 290 ആയി, 81 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല
78 കുടുംബങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു
ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്‍റെ ദൃശ്യം
ഭുവനേശ്വര്‍: ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 290 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ബീഹാർ സ്വദേശിയാണ് ഇന്ന് മരിച്ചത്. ഇനിയും 81 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത് . 78 കുടുംബങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു.
290 പേരുടെ ജീവനെടുത്ത ദുരന്തം അപകടമാണോ അട്ടിമറിയാണോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുകയാണ്. അപകടമുണ്ടായ ബഹനാഗ റെയില്‍വേ സ്‌റ്റേഷനില്‍ സിബിഐ സംഘവും ഫോറന്‍സിക് ടീമും പരിശോധന നടത്തിയിരുന്നു. വേഗത്തില്‍ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സിബിഐയുടെ ലക്ഷ്യം. അതേസമയം, 81 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ വേണ്ടി ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. പരിക്കേറ്റ 200 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടം നടന്ന് ദിവസങ്ങള്‍ക്കു ശേഷവും ബന്ധുക്കളെ തേടി നിരവധി പേരാണ് ആശുപത്രികളിൽ എത്തുന്നത്.
ജൂണ്‍ 2നാണ് ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർ കൊല്ലപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. അപകടത്തിൽ 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിന് എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡിഷ ട്രെയിൻ ദുരന്തം ഉണ്ടായതെന്ന് റെയിൽവേ മന്ത്രി വിശദീകരിച്ചത്.
Adjust Story Font
16