Quantcast

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കശ്മീർ ജമാഅത്ത്; സ്വാഗതം ചെയ്ത് ഉമർ അബ്ദുല്ലയും മെഹബൂബ മുഫ്തിയും

ഗോസംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം നടത്തുന്നവര്‍ സ്വൈര്യവിഹാരം നടത്തുമ്പോഴാണ് ജനങ്ങളുടെ സാമൂഹികക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തിനെ കേന്ദ്രം നിരോധിച്ചിരിക്കുന്നതെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    26 Aug 2024 11:38 AM GMT

Former Jammu and Kashmir CMs Omar Abdullah and Mehbooba Mufti welcome the decision of the Jamaat-e-Islami Kashmir members to contest the upcoming assembly elections
X

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കശ്മീർ ജമാഅത്തെ ഇസ്‌ലാമി നീക്കത്തെ സ്വാഗതം ചെയ്ത് മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലയും മെഹബൂബ മുഫ്തിയും. തീരുമാനം സ്വാഗതാര്‍ഹമാണെന്നു പറഞ്ഞ ഇരുനേതാക്കളും സംഘടനയുടെ നിരോധനം നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

എല്ലാവർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് നാഷനൽ കോൺഫറൻസ്(എൻ.സി) വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല പ്രതികരിച്ചത്. ജനാധിപത്യത്തിന്റെ ഗുണമാണത്. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി അംഗങ്ങൾ സ്വതന്ത്രരായി മത്സരിക്കാൻ തീരുമാനിച്ച വിവരം അറിഞ്ഞു. സംഘടനയുടെ നിരോധനം നീക്കണമെന്ന അവരുടെ ആവശ്യം സ്വാഗതാർഹമാണെന്നും ഉമർ അബ്ദുല്ല പറഞ്ഞു.

പാർട്ടി പേരിലും ചിഹ്നത്തിലും തന്നെ അവർ മത്സരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നിരോധനമുള്ളതുകൊണ്ട് അതിപ്പോൾ സാധ്യമല്ല. അവർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുകയും പ്രകടനപത്രിക പുറത്തിറക്കുകയും ചെയ്യണം. ആർക്കു വോട്ട് ചെയ്യണമെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്‌ലാമിയുടേതു മികച്ച തീരുമാനമാണെന്ന് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി പ്രതികരിച്ചു. കശ്മീരിൽ നിരവധി സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ചെയ്ത മത-സാമൂഹിക സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. പള്ളികൾ ആക്രമിക്കുന്നവരും ഗോസംരക്ഷണത്തിന്റെ പേരിൽ മുസ്‌ലിംകൾക്കുനേരെ ആൾക്കൂട്ട ആക്രമണം നടത്തുന്നവരും സ്വൈര്യവിഹാരം നടത്തുമ്പോഴാണ് ജനങ്ങളുടെ സാമൂഹികക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തിനെ കേന്ദ്രം നിരോധിച്ചിരിക്കുന്നത്. ഇതു നിർഭാഗ്യകരമാണെന്നും നിരോധനം നീക്കാൻ കേന്ദ്രം തയാറാകണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.

2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റുന്നതിനു മുന്നോടിയായായിരുന്നു കശ്മീർ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രസർക്കാർ നിരോധിക്കുന്നത്. യു.എ.പി.എ നിയമപ്രകാരമായിരുന്നു നടപടി. കഴിഞ്ഞ ആഗസ്റ്റ് 24ന് നിരോധനം ഡൽഹിയിലെ ട്രിബ്യൂണൽ കോടതി ശരിവച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാന്‍ ആഹ്വാനവുമായി കശ്മീർ ജമാഅത്ത് നേതാക്കൾ രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. 1987 വരെ ഒറ്റയ്ക്കും മുന്നണിയുടെ ഭാഗമായും സംഘടന തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഒറ്റയ്ക്കു മത്സരിച്ച 1972, 1977 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം അഞ്ചും ഒന്നും സീറ്റുകളിലാണു വിജയിച്ചത്. അവസാനമായി 1987ല്‍ മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ടിന്‍റെ ഭാഗമായാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് പിന്നീട് വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുകയായിരുന്നു.

2019ലെ നിരോധനത്തിനു പിന്നാലെ നൂറുകണക്കിന് കശ്മീർ ജമാഅത്ത് പ്രവർത്തകരെയും നേതാക്കളെയും പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. അടുത്തിടെ നേതാക്കൾ കേന്ദ്രസർക്കാർ വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരോധനം നീക്കിയാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് നേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചത്.

ഇത്തവണ പത്തോളം സീറ്റുകളില്‍ ജമാഅത്ത് മത്സരിക്കുമെന്നാണു സൂചന. കുൽഗാം, ദേവ്‌സർ, ത്രാൽ, സൈനാപോറ, ബിജ്‌ഭേര, പുൽവാമ, രാജ്‌പോറ എന്നീ മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിര്‍ത്താനാണു നേതാക്കളുടെ നീക്കമെന്നാണ് അറിയുന്നത്.

സെപ്റ്റംബറിലും ഒക്ടോബറിലുമായി മൂന്നു ഘട്ടങ്ങളിലായാണ് ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18നാണ് ആദ്യഘട്ടം. 25നു രണ്ടാം ഘട്ടവും ഒക്ടോബർ ഒന്നിന് അവസാന ഘട്ടവും നടക്കും. ഒക്ടോബർ നാലിന് ഹരിയാനയ്‌ക്കൊപ്പമാണു തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

Summary: Former Jammu and Kashmir CMs Omar Abdullah and Mehbooba Mufti welcome the decision of the Jamaat-e-Islami Kashmir members to contest the upcoming assembly elections

TAGS :

Next Story